തുറസായ സ്ഥലത്ത് സ്ത്രീയുടെ മൃതദേഹം ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍; ശരീരം വെട്ടിമുറിച്ച് കഷ്ണങ്ങളാക്കി ഉപേക്ഷിച്ചതെന്ന് പോലീസ്

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ അലിപുരില്‍ തുറസ്സായ സ്ഥലത്ത് സ്ത്രീയുടെ മൃതദേഹം വെട്ടിമുറിച്ച് ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹത്തിന്റെ കുറച്ചു ഭാഗങ്ങള്‍ ചാക്കില്‍ പൊതിഞ്ഞ നിലയിലും തലയുള്‍പ്പെടെ ഛേദിക്കപ്പെട്ട നിലയിലുമാണു കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു.

പ്രാഥമിക പരിശോധനയില്‍ മൃതദേഹം സ്ത്രീയുടേത് ആണെന്നു മാത്രമാണു വ്യക്തമായിട്ടുള്ളത്. കൂടുതല്‍ വിവരങ്ങള്‍ക്കായി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. തിങ്കളാഴ്ച വൈകിട്ട് ഇതുവഴി നടന്നുപോകുകയായിരുന്ന വഴിയാത്രക്കാരനാണു സംഭവം പോലീസിനെ അറിയിച്ചത്.

ഇതേ തുടര്‍ന്ന് അലിപൂര്‍ പോലീസ് സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി. സംഭവത്തില്‍ കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയതായി ഡിസിപി ഗൗരവ് ശര്‍മ വ്യക്തമാക്കി. പ്രദേശത്തുനിന്ന് കാണാതായവരുടെ വിവരങ്ങള്‍ പരിശോധിച്ചു വരികയാണെന്നും പോലീസ് പ്രതികരിച്ചു.

ശരീരത്തിന്റെ പലഭാഗങ്ങളിലും പരുക്കേറ്റ പാടുകളുണ്ട്. തെരുവ് നായകള്‍ മൃതദേഹം മാന്തിക്കീറിയതാകാം ഇതെന്ന നിഗമനത്തിലാണ് പോലീസ്.

Exit mobile version