യുഎസ് ഹാക്കറുടെ വെളിപ്പെടുത്തല്‍: ഗോപിനാഥ് മുണ്ടെയുടെ അപകടമരണം വീണ്ടും അന്വേഷിക്കണമെന്ന് കുടുംബം

യുഎസ് ഹാക്കറുടെ വെളിപ്പെടുത്തല്‍ വന്‍വിവാദത്തിലേക്ക്.

മുംബൈ: ഇന്ത്യയിലെ തെരഞ്ഞെടുപ്പുകളില്‍ വോട്ടിങ് മെഷീനുകളില്‍ തിരിമറി നടത്താന്‍ സഹായിച്ചെന്ന യുഎസ് ഹാക്കറുടെ വെളിപ്പെടുത്തല്‍ വന്‍വിവാദത്തിലേക്ക്. കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെയുടെ അപകട മരണത്തെ സംബന്ധിച്ച വെളിപ്പെടുത്തല്‍ റോ (റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ്)യോ സുപ്രീംകോടതി ജഡ്ജിയുടേയോ കീഴില്‍ അന്വേഷണം നടത്തണമെന്ന് മുണ്ടെയുടെ മരുമകനും എന്‍സിപി നേതാവുമായ ധനഞ്ജയ് മുണ്ടെ ആവശ്യപ്പെട്ടു.

2014 ലോക്സഭാ തെരഞ്ഞെടുപ്പിലെ ഇവിഎം അട്ടിമറി സംബന്ധിച്ച് ഗോപിനാഥ് മുണ്ടെയ്ക്ക് അറിവുണ്ടായിരുന്നത് കൊണ്ടാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്ന് ഇന്നലെ ലണ്ടനില്‍ ഹാക്കറായ സെയ്ദ് ഷൂജ വെളിപ്പെടുത്തിയിരുന്നു.

ഗോപിനാഥ് മുണ്ടെയുടെ മരണം സംബന്ധിച്ച് നേരത്തെയും സംശയം ഉന്നയിച്ചിട്ടുണ്ടെന്നും ധനഞ്ജയ് മുണ്ടെ പറയുന്നു. ഗോപിനാഥ് മുണ്ടെയെ സ്നേഹിച്ചവര്‍ക്കെല്ലാം അപകടമരണമാണെന്ന കാര്യത്തില്‍ സംശയമുണ്ടെന്നും അട്ടിമറിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

2014 മെയ് 26ന് മോഡി അധികാരമേറ്റതിനൊപ്പം ഗ്രാമവികസന മന്ത്രിയായി ചുമതലയേറ്റ ഗോപിനാഥ് മുണ്ടെ ഒരാഴ്ച കഴിഞ്ഞ് ജൂണ്‍ 3നാണ് വാഹനാപകടത്തില്‍ കൊല്ലപ്പെടുന്നത്. ഡല്‍ഹിയില്‍ സിഗ്നലില്‍ മുണ്ടെയുടെ കാറില്‍ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു.

Exit mobile version