‘അധികാരത്തിന് വേണ്ടി മാനം പോലും വില്‍ക്കുന്ന സ്ത്രീ’: മായാവതിയെ അപമാനിച്ചതില്‍ മാപ്പ് പറഞ്ഞ് ബിജെപി എംഎല്‍എ

ന്യൂഡല്‍ഹി: ബിഎസ്പി നേതാവ് മായാവതിക്കെതിരെ നടത്തിയ വിവാദപരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് ബിജെപി എംഎല്‍എ സാധനാസിംഗ്. അധികാരത്തിന് വേണ്ടി സ്വന്തം മാനം പോലും വില്‍ക്കുന്ന സ്ത്രീയാണ് മായാവതി എന്നായിരുന്നു സാധനസിംഗിന്റെ വിവാദ പ്രസ്താവന. പരാമര്‍ശത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ സാധനാസിംഗിനെതിരെ സ്വമേധയാ കേസെടുത്തിരുന്നു. കേസെടുത്തതിന് പിന്നാലെയാണ് സാധനാസിംഗ് ഖേദപ്രകടനം നടത്തിയത്.

വരുന്ന പാര്‍ലമെന്റ് തെരെഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടിക്കൊപ്പം സഖ്യമുണ്ടാക്കി മല്‍സരിക്കുമെന്ന് അടുത്തിടെ മായാവതി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മായാവതിയെ അധിക്ഷേപിച്ചു കൊണ്ട് മുഗള്‌സറായിയിലെ ഒരു പൊതുചടങ്ങില്‍ സാധനാസിംഗ് പ്രസംഗിച്ചത്. അധികാരത്തിന് വേണ്ടി മാനം പോലും വില്‍ക്കുന്ന മായാവതി, സ്ത്രീസമൂഹത്തിന് തന്നെ നാണക്കേടാണ് എന്നായിരുന്നു സാധനയുടെ വിവാദപരാമര്‍ശം.

95ല്‍ ലക്‌നൗവിലെ ഒരു ഗസ്റ്റ്ഹൗസില്‍ വെച്ച് സമാജ് വാദി പാര്‍ട്ടി പ്രവര്‍ത്തകര്‍ മായാവതിയോട് മോശമായി പെരുമാറിയിരുന്നു. ഇതേത്തുടര്‍ന്ന് വര്‍ഷങ്ങളോളം ഇരുപാര്‍ട്ടികളും അകല്‍ച്ചയിലായിരുന്നു. എന്നാല്‍ ഇക്കാര്യം മറന്ന് വീണ്ടും എസ്പിയുമായി ബിഎസ്പി കൂട്ടൂകൂടിയതിനെ വിമര്‍ശിക്കുമ്പോഴാണ് സാധനസിംഗ് വിവാദ പ്രസ്താവന നടത്തിയത്.

പ്രസ്താവനക്കെതിരെ രാഷ്ട്രീയ ഭേദമന്യേ നേതാക്കള്‍ രംഗത്തെത്തി. ധാര്‍മികമായി ബിജെപി എത്രമാത്രം അധഃപതിച്ചു എന്നതിന് തെളിവാണിതെന്ന് എസ്പി നേതാവ് അഖിലേഷ് യാദവ് പ്രതികരിച്ചു.

Exit mobile version