പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററും ഉപേക്ഷിക്കണം; കേന്ദ്രസര്‍ക്കാര്‍ പിടിവാശി കളയണം; വിമര്‍ശിച്ച് മായാവതി

ലഖ്‌നൗ: പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ രാജ്യവ്യാപക പ്രതിഷേധം ഉയരുന്ന പശ്ചാത്തലത്തില്‍ പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററും നടപ്പാക്കുമെന്ന പിടിവാശി കേന്ദ്രസര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് ബിഎസ്പി അധ്യക്ഷ മായാവതി. ട്വിറ്ററിലൂടെയാണ് മായാവതി പ്രതികരിച്ചത്.

പൗരത്വ ഭേദഗതി നിയമത്തിനെയും എന്‍ആര്‍സിക്കെതിരെയും എന്‍ഡിഎയില്‍ നിന്ന് എതിര്‍പ്പിന്റെ ശബ്ദങ്ങള്‍ ഉയരുന്നുണ്ട്. കേന്ദ്രസര്‍ക്കാര്‍ പിടിവാശി ഒഴിവാക്കണം. കൂടാതെ പ്രതിഷേധക്കാര്‍ സമാധാനപരമായ രീതിയില്‍ എതിര്‍പ്പ് പ്രകടിപ്പിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നതായും മായാവതി ട്വീറ്റ് ചെയ്തു.

അതിനിടെ പൗരത്വ നിയമ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചും പ്രതിഷേധക്കാരെ പിന്തുണച്ചും എന്‍സിപി നേതാവ് ശരത് പവാര്‍ രംഗത്ത് എത്തി. ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ മാത്രമല്ല രാജ്യത്തിന്റെ പുരോഗതിയും ഐക്യവും ആഗ്രഹിക്കുന്നവരും പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ക്കുമെന്ന് ശരദ് പവാര്‍ പ്രതികരിച്ചു. രാജ്യം നേരിടുന്ന പ്രധാന പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള തന്ത്രമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും പവാര്‍ കുറ്റപ്പെടുത്തി.

Exit mobile version