സൈനികര്‍ക്കു നല്‍കുന്നത് ‘ ഗുണ നിലവാരമില്ലാത്ത ഭക്ഷണം’ ! പരാതി ഉന്നയിച്ച ബിഎസ്എഫ് ജവാന്റെ മകന്‍ മരിച്ച നിലയില്‍

ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സില്‍ കോണ്‍സ്റ്റബിളായിരുന്ന തേജ് ബഹാദുര്‍ യാദവിന്റെ മകനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ന്യൂഡല്‍ഹി: നിലവാരമില്ലാത്ത ഭക്ഷണമാണ് സൈനികര്‍ക്കു നല്‍കുന്നതെന്ന് കാണിച്ച് നേതൃത്വത്തിനെതിരേ ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്ത ബിഎസ്എഫ് ജവാന്റെ മകനെ മരിച്ച നിലയില്‍ കണ്ടെത്തി. ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സില്‍ കോണ്‍സ്റ്റബിളായിരുന്ന തേജ് ബഹാദുര്‍ യാദവിന്റെ മകനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഹരിയാനയിലെ റിവാഡിയിലെ വീട്ടില്‍ കൈയില്‍ തോക്ക് പിടിച്ച് മരിച്ച നിലയില്‍ ഇരുപത്തിരണ്ടുകാരനായ രോഹിതിനെ കണ്ടെത്തുകയായിരുന്നു. സ്വയം ജീവനൊടുക്കിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കുംഭമേളയ്ക്കായി തേജ് ബഹാദൂര്‍ ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജിലേക്കു പോയ സമയത്താണ് മകന്‍ മരിക്കുന്നത്.

അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്നത് വിശപ്പു സഹിച്ചാണെന്നും ഗുണനിലവാരമില്ലാത്ത ഭക്ഷണമാണ് ലഭിക്കുന്നതുമെന്നുമായിരുന്നു തേജ് ബ ഹാദൂര്‍ യാദവ് വീഡിയോ ദൃശ്യങ്ങളിലൂടെ ആരോപിച്ചത്. ജവാന്‍മാര്‍ക്ക് അനുവദിച്ചിരിക്കുന്ന ഭക്ഷണം ഉദ്യോഗസ്ഥര്‍ കരിഞ്ചന്തയില്‍ മറിച്ചുവില്‍ക്കുകയാണെന്നും പലപ്പോഴും പട്ടിണിയാണെന്നും ഒരു വര്‍ഷം മുന്‍പ് യാദവ് പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറഞ്ഞു.

വീഡിയോ വൈറലായതിനെത്തുടര്‍ന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് അന്വേഷണത്തിന് ഉത്തരവിടുകയും പ്രധാനമന്ത്രിയുടെ ഓഫീസ് റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. വകുപ്പുതല അന്വേഷണത്തിനൊടുവില്‍ തേജ് ബഹാദൂറിനെ സൈന്യത്തില്‍ നിന്നു പിരിച്ചുവിട്ടു.

Exit mobile version