സുപ്രീം കോടതിയില്‍ വിവാദങ്ങള്‍ തുടരുന്നു; ചീഫ് ജസ്റ്റിസിന്റെ ശുപാര്‍ശ മറികടന്ന് പുതിയ ജഡ്ജിമാരെ നിയമിച്ച് കേന്ദ്രം

ജസ്റ്റിസ് ദിനേശ് മഹേശ്വരി, ജസ്റ്റിസ് സഞ്ജീവ് ഖന്ന എന്നിവര്‍ക്കാണ് നിയമനം നല്‍കിയത്

വിവാദങ്ങള്‍ നിലനില്‍ക്കെ സുപ്രീംകോടതിയില്‍ രണ്ട് പുതിയ ജഡ്ജിമാരെ നിയമിച്ച് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനമിറങ്ങി. ജസ്റ്റിസ് ദിനേശ് മഹേശ്വരി, ജസ്റ്റിസ് സഞ്ജീവ് ഖന്ന എന്നിവര്‍ക്കാണ് നിയമനം നല്‍കിയത്. നിയമനം സംബന്ധിച്ച കൊളീജിയം ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു. ദിനേശ് മഹേശ്വരി കര്‍ണാടക ചീഫ് ജസ്റ്റിസും സഞ്ജീവ് ഖന്ന ഡല്‍ഹി ഹൈക്കോടതി ജഡ്ജിയുമാണ്.

ഡിസംബര്‍ 10 ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയും ഏറ്റവും മുതിര്‍ന്ന നാല് ജഡ്ജിമാരും ഉള്‍പ്പെട്ട കൊളീജിയം ശുപാര്‍ശ ചെയ്ത പേരുകള്‍ ഇവരുടേതായിരുന്നില്ല. മലയാളിയായ ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് രാജേന്ദ്രമേനോന്‍, രാജസ്ഥാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രദീപ് നന്ദ്രജോഗ് എന്നിവരെയാണ് അന്ന് നാമനിര്‍ദ്ദേശം ചെയ്തിരുന്നത്.

എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ എതിര്‍ത്തതിനെ തുടര്‍ന്ന് ചീഫ് ജസ്റ്റിസ് ഈ പേരുകള്‍ പരസ്യപ്പെടുത്തിയിരുന്നില്ല. ഒരു മാസത്തിന് ശേഷം കഴിഞ്ഞ 11ന് ചേര്‍ന്ന കൊളീജിയം പകരം നല്‍കിയ പേരുകളാണ് ഇപ്പോള്‍ അംഗീകരിച്ചിരിക്കുന്നത്. സുപ്രീംകോടതി കൊളീജിയത്തിന്റെ കീഴ് വഴക്കങ്ങളും നിയമന മാനദണ്ഡങ്ങളും ലംഘിക്കുന്നതാണ് തീരുമാനമെന്ന ആരോപണം നിലവിലുണ്ട്. 32 മുതിര്‍ന്ന ജഡ്ജിമാരെ ഒഴിവാക്കിയാണ് പുതിയ നാമനിര്‍ദേശങ്ങളെന്ന് ഡല്‍ഹി ഹൈക്കോടതി മുന്‍ ജഡ്ജി കൈലാഷ് ഗംഭീര്‍ രാഷ്ട്രപതിക്കയച്ച കത്തില്‍ പറഞ്ഞിരുന്നു.

കൊളീജിയം ശിപാര്‍ശ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചതോടെ കേന്ദ്ര നീതിന്യായ മന്ത്രാലയം ജഡ്ജിമാരുടെ നിയമന ഉത്തരവില്‍ ഒപ്പുവെക്കാന്‍ ഫയല്‍ രാഷ്ട്രപതിക്ക് കൈമാറി. പുതിയ ജഡ്ജിമാരുടെ നിയമനത്തോടെ സുപ്രീംകോടതിയിലെ ജഡ്ജിമാരുടെ അംഗ സംഖ്യ 28 ആയി ഉയര്‍ന്നു.

സീനിയോറിറ്റി മറികടന്നുള്ള ജഡ്ജിമാരുടെ നിയമനത്തിനെതിരെ സുപ്രീംകോടതി ജഡ്ജി എസ്.കെ കൗള്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയ്ക്കും ദിനേഷ് മഹേശ്വരിക്കും സീനിയോറിറ്റിയില്ലെന്ന കൊളീജിയം വാദത്തെ തള്ളിയാണ് നിയമനം നല്‍കിയിട്ടുള്ളത്.

Exit mobile version