മോഡിയുടേത് കോടതിയലക്ഷ്യം; സുപ്രീംകോടതി സ്വമേധയാ കേസ്സെടുക്കണമെന്ന് യെച്ചൂരി

ശബരിമലയിലെ സര്‍ക്കാര്‍ നിലപാട് ലജ്ജാകരമായിരുന്നെന്നും ഇത് ഏറ്റവും വലിയ പാപമായി ചരിത്രം രേഖപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു

ശബരിമലയില്‍ കേരളമെടുത്ത നിലപാട് തെറ്റായിരുന്നെന്ന് പ്രസ്താവന നടത്തിയ നരേന്ദ്രമോദിയുടെ നടപടി കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രധാനമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ കോടതി സ്വമേധയാ കേസ്സെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ശബരിമലയിലെ സര്‍ക്കാര്‍ നിലപാട് ലജ്ജാകരമായിരുന്നെന്നും ഇത് ഏറ്റവും വലിയ പാപമായി ചരിത്രം രേഖപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. കൊല്ലം, മാവേലിക്കര, ആലപ്പുഴ എന്നീ ലോകസഭാ മണ്ഡലങ്ങളിലെ എന്‍ഡിഎ പ്രവര്‍ത്തകരുടെ സമ്മേളനം ഉദ്ഘാടനം ചെയ്യുമ്പോഴാണ് പ്രധാനമന്ത്രി ഈ ആരോപണം ഉന്നയിച്ചത്.

എല്‍ഡിഎഫും യുഡിഎഫും കേരളജനതയെ വര്‍ഗീയതയില്‍ കുടുക്കിയിരിക്കുകയാണെന്ന് മോദി പറഞ്ഞു. കളിയാക്കിയാലും ബിജെപിക്കാര്‍ തളരില്ലെന്നും അദ്ദേഹം പറയുകയുണ്ടായി. അതെസമയം സുപ്രീംകോടതി വിധിയെ അദ്ദേഹം നേരിട്ട് പരാമര്‍ശിക്കുകയുണ്ടായില്ല.

സുപ്രീംകോടതിയുടെ വിധിയാണ് കേരളത്തിലെ സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് സീതാറാം യെച്ചൂരി ചൂണ്ടിക്കാട്ടി. നിയമവാഴ്ചയെ ഉയര്‍ത്തിപ്പിടിക്കാന്‍ ചുമതലപ്പെട്ടയാളാണ് പ്രധാനമന്ത്രി. എന്നാല്‍ മോദി പ്രസ്തുത സ്ഥാനത്തിരിക്കുന്നത് നാണക്കേടാണെന്ന് അദ്ദേഹം വ്യക്തമാക്കി.

Exit mobile version