പഞ്ചാബില്‍ നേരത്തെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ആം ആദ്മി പാര്‍ട്ടി

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പഞ്ചാബില്‍ നാല് സീറ്റ് ആം ആദ്മി പാര്‍ട്ടി നേടിയിട്ടുണ്ട്

ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള തീയ്യതി പ്രഖ്യാപിച്ചില്ലെങ്കിലും പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി അഞ്ച് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു. ഡല്‍ഹി കഴിഞ്ഞാല്‍ ആപിന് ഏറ്റവുമധിക സ്വാധീനമുള്ള സംസ്ഥാനമാണ് പഞ്ചാബ്.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പഞ്ചാബില്‍ നാല് സീറ്റ് ആം ആദ്മി പാര്‍ട്ടി നേടിയിട്ടുണ്ട്. 2017ല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഈ നേട്ടം ആവര്‍ത്തിക്കാനായില്ല. അതുകൊണ്ട് തന്നെ ഇക്കുറി അല്‍പ്പം നേരത്തേ ഒരുങ്ങുകയാണ് ആപ്. സംഗരൂര്‍, ഫരീദ് കോട്ട് മണ്ഡലങ്ങള്‍ക്ക് പുറമെ അമൃത് സര്‍, ഹൊഷ്യാര്‍ പൂര്‍, അന്ന്ദ് പൂര്‍ സീറ്റുകളിലാണ് ആപ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. ഭഗവന്ത് മാന്‍, സാധു സിംഗ് എം.മാര്‍ സിറ്റിംഗ് മണ്ഡലത്തില്‍ നിന്ന് മല്‍സരിക്കും.

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തെ ചൊല്ലി പാര്‍ട്ടിയില്‍ ഭിന്നതയുണ്ട്. എം.എല്‍.എ ഉള്‍പ്പടെ രണ്ട് നേതാക്കള്‍ അടുത്തിടെ രാജിവെച്ചത് ഇതിന്റെ ഭാഗമാണ്. ആം ആദ് മി പാര്‍ട്ടി കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുമെന്ന വാര്‍ത്തകളുണ്ടായിരുന്നെങ്കിലും ആ സാധ്യത ഇല്ലാതായെന്നാണ് പുതിയ വാര്‍ത്ത. കോണ്‍ഗ്രസിന് വോട്ട് ചെയ്യുന്നത് ബിജെപിക്ക് വോട്ട് ചെയ്യുന്നതിന് തുല്യമാണെന്ന അരവിന്ദ് കെജ്‌രിവാളിന്റെ പ്രസ്താവന ഇതിന്റെ സൂചനയാണ്. കോണ്‍ഗ്രസിനും അകാലിദള്‍-ബി.ജെ.പി സഖ്യത്തിനും പഞ്ചാബില്‍ ശക്തമായ വെല്ലുവിളിയാണ് ആം ആദ്മി പാര്‍ട്ടി ഉയര്‍ത്തുന്നത്.

Exit mobile version