രാജ്യ തലസ്ഥാനത്ത് വീണ്ടും എടിഎം തട്ടിപ്പ്; മലയാളി യുവാവിന് നഷ്ടമായത് രണ്ടേകാല്‍ ലക്ഷം

അക്കൗണ്ട് വിവരങ്ങള്‍ ആര്‍ക്കും കൈമാറിയിട്ടില്ലെന്ന് തട്ടിപ്പിനിരയായവര്‍ ആവര്‍ത്തിച്ചുപറയുമ്പോഴും പണം നഷ്ടമായതെങ്ങനെയെന്ന് ബാങ്കിനും വ്യക്തതയില്ല.

ന്യൂഡല്‍ഹി; ഡല്‍ഹിയില്‍ വീണ്ടും എടിഎം തട്ടിപ്പ്. ഡല്‍ഹിയില്‍ മലയാളിക്ക് രണ്ടേകാല്‍ ലക്ഷം രൂപയാണ് തട്ടിപ്പിലൂടെ നഷ്ടമായത്. പ്രതിദിന ട്രാന്‍സാക്ഷന്‍ പരിധിയില്‍ അധികംപണം എടിഎം വഴി അപഹരിച്ചാണ് തട്ടിപ്പ്. അക്കൗണ്ട് വിവരങ്ങള്‍ ആര്‍ക്കും കൈമാറിയിട്ടില്ലെന്ന് തട്ടിപ്പിനിരയായവര്‍ ആവര്‍ത്തിച്ചുപറയുമ്പോഴും പണം നഷ്ടമായതെങ്ങനെയെന്ന് ബാങ്കിനും വ്യക്തതയില്ല.

എംയിസിലെ റിട്ടയേര്‍ഡ് ജീവനക്കാരനായ വിആര്‍ ശ്രീകുമാറിന്റെ എസ്ബിഐ അക്കൗണ്ടില്‍ നിന്നാണ് പണം നഷ്ടമായത്. കാര്‍ഡിന്റെ രഹസ്യപിന്‍ ആര്‍ക്കെങ്കിലും നല്‍കുകയോ, അക്കൗണ്ട് വിവരങ്ങള്‍ കൈമാറുകയോ ചെയ്തിട്ടില്ലെന്ന് ഇയാള്‍ ഉറപ്പിച്ചുപറയുന്നു. ഈ മാസം രണ്ടിന് ശ്രീകുമാര്‍ വീടിന് സമീപത്തെ എടിഎമ്മില്‍നിന്ന് ഇരുപതിനായിരം രൂപ പിന്‍വലിച്ചിരുന്നു. ഇതിനുശേഷം നാലാം തീയതിയാണ് ഒരു ലക്ഷത്തോളം രൂപ എടിഎം വഴി അപഹരിക്കപ്പെട്ടത്. പ്രതിദിന ട്രാന്‍സാക്ഷന്‍ പരിധിയുടെ മൂന്നിരട്ടിയാണിത്. തൊട്ടടുത്തദിവസം അവശേഷിക്കുന്ന പണവും നഷ്ടമായി. ഓണ്‍ലൈന്‍ ട്രാന്‍സാക്ഷന്‍വഴിയും പണം അപഹരിക്കപ്പെട്ടു.

എടിഎം വഴി പ്രതിദിന ട്രാന്‍സാക്ഷന്‍ പരിധിയിലും അധികം പണം പിന്‍വലിക്കാനാവില്ലെന്ന് മേഖലയിലെ വിദഗ്ധര്‍ പറയുന്നു. എന്നാല്‍ എങ്ങനെയാണ് തട്ടിപ്പ് നടന്നതെന്ന് അറിയില്ലെന്ന് വിശദീകരിക്കുന്ന ബാങ്ക് അധികൃതര്‍ 46 ദിവസത്തിനുള്ളില്‍ പ്രശ്‌നം പരിഹരിക്കാമെന്ന് അറിയിച്ചിട്ടുണ്ട്. ഡല്‍ഹി പോലീസും അന്വേഷണം ആരംഭിച്ചുകഴിഞ്ഞു.

Exit mobile version