എടിഎമ്മില്‍ നിറയ്ക്കാനുള്ള അരക്കോടി കവര്‍ന്നത് ഒരാളല്ല, പിന്നില്‍ വലിയ സംഘമെന്ന നിഗമനത്തില്‍ പോലീസ്; അന്വേഷണം കര്‍ണാടകത്തിലേക്കും

ഉപ്പളയില്‍ എടിഎമ്മില്‍ നിറയ്ക്കാന്‍ കൊണ്ടുവന്ന 50ലക്ഷം കവര്‍ന്ന സംഭവത്തില്‍ കര്‍ണാടകത്തിലേക്കും അന്വേഷണം വ്യാപിപ്പിച്ച് പോലീസ്.

കാസര്‍കോട്: ഉപ്പളയില്‍ എടിഎമ്മില്‍ നിറയ്ക്കാന്‍ കൊണ്ടുവന്ന 50ലക്ഷം കവര്‍ന്ന സംഭവത്തില്‍ കര്‍ണാടകത്തിലേക്കും അന്വേഷണം വ്യാപിപ്പിച്ച് പോലീസ്. കവര്‍ച്ച നടത്തിയത് ഒരാളാണെന്ന് പറയുമ്പോഴും അയാള്‍ തനിച്ചായിരിക്കില്ല, പിറകിലൊരു സംഘം തീര്‍ച്ചയായും കാണുമെന്നും അന്വേഷണ സംഘം പറയുന്നു. കൂടാതെ, പണം കൊണ്ടു പോകുമ്പോഴുണ്ടായ സുരക്ഷാ വീഴ്ചയും സംഭവത്തിലെ ദുരൂഹതകളും ഏറെ ചര്‍ച്ചയാകുന്ന സാഹചര്യത്തില്‍ മോഷണം ആസൂത്രിതമാണെന്നുമുള്ള നിഗമനത്തിലാണ് അന്വേഷണസംഘം.

ഇന്നലെ ഉച്ചയ്ക്കാണ് ഉപ്പളയിലെ എടിഎമ്മില്‍ നിറയ്ക്കാന്‍ കൊണ്ട് വന്ന 50 ലക്ഷം രൂപ വാഹനത്തില്‍ നിന്ന് കവര്‍ന്നത്. വാഹനം നിര്‍ത്തിയശേഷം സമീപത്തെ എടിഎമ്മില്‍ സ്വകാര്യ കമ്പനി ജീവനക്കാരന്‍ പണം നിറയ്ക്കുന്ന സമയത്ത് വാഹനത്തിനടുത്തെത്തിയ മോഷ്ടാവ് ഗ്ലാസ് തകര്‍ത്ത് പണമടങ്ങിയ ബോക്‌സുമായി സ്ഥലം കടന്നുകളയുകയായിരുന്നു.

ALSO READ കൊടുംചൂടില്‍ ആശ്വാസം, ഈ ഒമ്പതുജില്ലകളില്‍ മഴ മുന്നറിയിപ്പ്

വാഹനത്തിന്റെ സീറ്റിലായിരുന്നു ബോക്‌സുണ്ടായിരുന്നത്. ഒരു ഉദ്യോഗസ്ഥനും വാഹനത്തിന്റെ ഡ്രൈവറും മാത്രമായിരുന്നു ആകെ വാഹനത്തിലുണ്ടായിരുന്നത് എന്നാണ് വിവരം. ഇരുവരും സംഭവം നടക്കുമ്പോള്‍ സമീപത്തെ എടിഎമ്മിലായിരുന്നു. സുരക്ഷാ ജീവനക്കാരനുണ്ടായിരുന്നില്ലെന്നും വിവരമുണ്ട്.

Exit mobile version