സാമ്പത്തിക സംവരണം നിയമമായി; ബില്ലില്‍ രാഷ്ട്രപതി ഒപ്പ് വച്ചു

ന്യൂഡല്‍ഹി: സാമ്പത്തിക സംവരണ ബില്ലിന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനുമതി നല്‍കി. മുന്നോക്കക്കാരിലെ പിന്നാക്കാര്‍ക്ക് പത്ത് ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തുന്ന ബില്ലിലാണ് രാഷ്ട്രപതി ഒപ്പു വച്ചതോടെ നിയമമായി.

ലോക്‌സഭയിലും രാജ്യസഭയിലും നേരത്തേ ബില്‍ പാസായിരുന്നു. ലോക്‌സഭയില്‍ പാസാക്കിയ ബില്‍ 165 പേരുടെ പിന്തുണയോടെയാണ് രാജ്യസഭയില്‍ പാസാക്കിയത്. നിയമമായതോടെ ചരിത്രപരമായ ഭരണഘടനാ ഭേദഗതിയാണ് നിലവില്‍ വന്നിരിക്കുന്നത്.

രാജ്യസഭയില്‍ മുസ്ലിം ലീഗ്, ആം ആദ്മി, ഡിഎംകെ തുടങ്ങിയ പാര്‍ട്ടികളില്‍ നിന്നായി ഏഴ് പേരാണ് ബില്ലിനെ എതിര്‍ത്തു വോട്ട് ചെയ്തത്. അണ്ണാ ഡിഎംകെ അംഗങ്ങള്‍ സഭ ബഹിഷ്‌കരിക്കുകയും ചെയ്തിരുന്നു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നോക്ക വിഭാഗത്തിലുള്ളവര്‍ക്ക് 10 ശതമാനം സംവരണം നല്‍കാന്‍ കേന്ദ്രമന്ത്രിസഭാ യോഗത്തില്‍ തിങ്കളാഴ്ചയാണ് തീരുമാനമുണ്ടായത്. സാധാരണ ബുധനാഴ്ച ചേരാറുള്ള കേന്ദ്രമന്ത്രിസഭായോഗം തിങ്കളാഴ്ച വിളിച്ചുചേര്‍ത്തായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോഡി തീരുമാനം പ്രഖ്യാപിച്ചത്.

വാര്‍ഷികവരുമാനം എട്ട് ലക്ഷത്തിന് കീഴെ ഉള്ളവര്‍ക്കാണ് സംവരണത്തിന് യോഗ്യത ലഭിക്കുക. ഏറെ കാലമായി ആര്‍എസ്എസ് ഉള്‍പ്പടെയുള്ള സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നതാണ് സാമ്പത്തികസംവരണം. 50 ശതമാനത്തിലധികം സംവരണം നല്‍കരുതെന്ന് സുപ്രീംകോടതി വിധിച്ചിട്ടുണ്ട്. എന്നാല്‍ ഇത് പത്ത് ശതമാനം കൂടി ഉയര്‍ത്തി 60 ശതമാനമാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തിരിക്കുന്നത്.

2019 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഹിന്ദുവിഭാഗത്തിലെ മുന്നോക്ക വോട്ടുബാങ്ക് ലക്ഷ്യമിട്ട് തന്നെയാണ് നരേന്ദ്രമോഡി സര്‍ക്കാരിന്റെ ഈ നീക്കം. പത്ത് ശതമാനം സംവരണം സര്‍ക്കാര്‍ ജോലികളില്‍ നല്‍കും. നിലവില്‍ ഒബിസി, പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്ക് സംവരണം നല്‍കുന്നുണ്ട്. നോട്ട് നിരോധനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ നിര്‍ണായക രാഷ്ട്രീയ തീരുമാനമാണിത്.

Exit mobile version