അലഹാബാദ് പ്രയാഗ് രാജ് ആയതു പോലെ ഷിംലയെ ‘ശ്യാമള’യാക്കാന്‍ സര്‍ക്കാര്‍; പേരുമാറ്റം ഉടന്‍

ഷിംല എന്ന പേര് മാറ്റണമെന്ന ആവശ്യവുമായി തീവ്ര ഹിന്ദു സംഘടനകള്‍ രംഗത്തെത്തി.

ഷിംല: യുപിയില്‍ അലഹബാദിന്റെ പേര് പ്രയാഗ് രാജ് എന്ന് മാറ്റിയതിന് പിന്നാലെ ഹിമാചല്‍ പ്രദേശിന്റെ തലസ്ഥാനമായ ഷിംലയുടെയും പേര് മാറ്റാനൊരുങ്ങി അധികൃതര്‍. ബ്രിട്ടീഷ് ഭരണത്തിന്റെ പ്രതീകമായ ഷിംല എന്ന പേര് മാറ്റണമെന്ന ആവശ്യവുമായി തീവ്ര ഹിന്ദു സംഘടനകള്‍ രംഗത്തെത്തി. ഷിംല എന്നത് മാറ്റി ശ്യാമള എന്നാക്കാനാണ് ആവശ്യം.

‘ബ്രിട്ടീഷുകാര്‍ ഇന്ത്യ പിടിച്ചടക്കുന്നതിന് മുമ്പ് ശ്യാമള എന്നായിരുന്നു ഷിംലയുടെ പേര്. ഷിംലയുടെ പേര് മാറ്റുന്നത് സംബന്ധിച്ച് ജനങ്ങളുടെ അഭിപ്രായം സര്‍ക്കാര്‍ തേടും’ ഹിമാചല്‍ മുഖ്യമന്ത്രി ജയ്‌റാം താക്കൂര്‍ പറഞ്ഞു.

ഷിംലയുടെ പേര് മാറ്റുന്നതുകൊണ്ട് യാതൊരു ദോഷവും വരാനില്ലെന്ന് ആരോഗ്യമന്ത്രി വിപിന്‍ പാര്‍മര്‍ പറഞ്ഞു. വര്‍ഷങ്ങളായി വിഎച്ച്പി ഈ ആവശ്യം ഉന്നയിക്കുന്നുണ്ട്. 2016 ല്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന വീര്‍ഭദ്രസിംഗ് ഈ ആവശ്യം തള്ളുകയായിരുന്നു. അന്തര്‍ദേശീയ തലത്തില്‍ പ്രശസ്തമായ സ്ഥലമാണെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് അന്ന് ആവശ്യം നിഷേധിച്ചത്. അടിച്ചമര്‍ത്തപ്പെട്ടവര്‍ നല്‍കിയ പേരുകള്‍ തുടരുന്നത് മാനസ്സിക അടിമത്വമാണ്. നഗരങ്ങളുടെ പേര് മാറ്റുന്നത് ചെറിയ കാര്യമാണെങ്കിലും നല്ല തുടക്കമാണെന്നും വിഎച്ച്പി സംസ്ഥാന പ്രസിഡന്റ് അമന്‍ പുരി പറഞ്ഞു.

Exit mobile version