ലൈവ് വാര്‍ത്തയ്ക്കിടെ ബോധരഹിതയായി ദൂരദര്‍ശന്‍ അവതാരക

കൊല്‍ക്കത്ത: തത്സമയ വാര്‍ത്ത സംപ്രേഷണത്തിനിടെ ബോധരഹിതയായി ദൂരദര്‍ശന്‍ അവതാരക ലോപമുദ്ര സിന്‍ഹ. പശ്ചിമ ബംഗാളിലെ ഉഷ്ണ തരംഗത്തെ കുറിച്ച് വാര്‍ത്ത വായിക്കുന്നതിനിടെയായിരുന്നു സംഭവം. ബിപി കുറഞ്ഞാണ് അവതാരക വീണത്.

ഫേസ്ബുക്ക് വീഡിയോയിലെത്തിയാണ് തനിക്ക് സംഭവിച്ചതിനെക്കുറിച്ച് അവതാരക പറഞ്ഞത്. തനിക്ക് ബി പി കുറഞ്ഞതായിരുന്നുവെന്നും ആ സമയത്ത് വെള്ളം കുടിക്കാന്‍ സാധിച്ചിരുന്നില്ല എന്നും ലോപമുദ്ര പറയുന്നു.

തത്സമയ വാര്‍ത്ത അവതരണത്തിനിടെ, എന്റെ ബിപി (രക്തസമ്മര്‍ദ്ദം) ക്രമാതീതമായി കുറഞ്ഞു, ഞാന്‍ ബോധരഹിതയായി, എനിക്ക് കുറച്ച് നാളായി അസുഖം ഉണ്ടായിരുന്നു. കുറച്ച് വെള്ളം കുടിച്ചാല്‍ ശരിയാകുമെന്ന് ഞാന്‍ കരുതി. ഞാന്‍ ഒരിക്കലും വാര്‍ത്ത വായിക്കുമ്പോള്‍ വെള്ളം കൈവശം വെക്കുകയോ കുടിക്കാറോ ഇല്ല.

അത് 10 മിനിറ്റത്തേക്ക് ആകട്ടെ, ഒരു മിനിറ്റിലേക്കോ അര മണിക്കൂറോ ആകട്ടെ, ആ സമയം ഫ്‌ലോര്‍ മാനേജരോട് ഞാന്‍ ഒരു കുപ്പിവെള്ളം ആവശ്യപ്പെടുന്നു, പക്ഷേ ആ സമയത്ത്, ലൈവ് പോകേണ്ട ഒരു പ്രതികരണം ടെലികാസ്റ്റ് ആയില്ല, അതുകൊണ്ട് എനിക്ക് വെള്ളം കുടിക്കാന്‍ കഴിഞ്ഞില്ല, ഒടുവില്‍ ഒരു ബൈറ്റ് ഇട്ടതിന് ശേഷമാണ് ഞാന്‍ വെള്ളം കുടിച്ചത്. അതിന് ശേഷം ബാക്കിയുള്ള നാല് വാര്‍ത്തകള്‍ പൂര്‍ത്തിയാക്കാമെന്ന് ഞാന്‍ കരുതി.

തുടര്‍ന്ന് എങ്ങനെയെങ്കിലും രണ്ട് വാര്‍ത്തകള്‍ വായിച്ചു. മൂന്നാമത്തെ വാര്‍ത്ത ചൂടിനെ കുറിച്ചായിരുന്നു. അത് വായിക്കുമ്പോള്‍ എനിക്ക് വീണ്ടും ക്ഷീണം അനുഭവപ്പെട്ടു. എന്നിട്ടും ആ വാര്‍ത്ത പൂര്‍ത്തിയാക്കാമെന്ന് കരുതി ഞാന്‍ പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചു, പക്ഷേ വായിക്കുന്നതിനിടെ ടെലിപ്രോംപ്റ്റര്‍ മങ്ങി മാത്രമാണ് കാണാന്‍ കഴിഞ്ഞത്, പിന്നീട് ചുറ്റും ഇരുട്ടായിരുന്നു, ലോപമുദ്ര പറയുന്നു.

പശ്ചിമ ബംഗാളില്‍ താപനില കുതിച്ചുയരുന്നതിനാല്‍ ചൂടില്‍ നിന്ന് രക്ഷനേടാന്‍ വേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും കൂടുതല്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കണമെന്നും വേനല്‍ക്കാല സൗഹൃദ ഭക്ഷണക്രമം പിന്തുടരണമെന്നും ലോപമുദ്ര പറഞ്ഞു. താപനില കടുത്തതോടെ ബങ്കുറ, വെസ്റ്റ് മിഡ്നാപൂര്‍, ജാര്‍ഗ്രാം, ബിര്‍ഭം, ഈസ്റ്റ് മിഡ്നാപൂര്‍ എന്നിവയുള്‍പ്പെടെ പശ്ചിമ ബംഗാളിലെ നിരവധി ജില്ലകളില്‍ ഇന്നലെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.

Exit mobile version