സുവര്‍ണകാലത്തെ മറ്റൊരു ജനപ്രിയപരമ്പരയുമായി ദൂരദര്‍ശന്‍; പുനഃസംപ്രേഷണത്തിന് ഒരുങ്ങി ‘ശ്രീകൃഷ്ണ’

ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ കാലത്ത് പഴയ ജനപ്രിയ പരമ്പരകള്‍ പുനഃസംപ്രേഷണം ചെയ്ത് കാഴ്ചക്കാരുടെ എണ്ണത്തില്‍ ഒന്നാമതെത്തിയ ദൂരദര്‍ശന്‍ വീണ്ടും മറ്റൊരു ജനപ്രിയപരമ്പരകൂടി പ്രേക്ഷകരിലേക്കെത്തിക്കുന്നു. രാമായണം പരമ്പര അണിയിച്ചൊരുക്കിയ രാമാനന്ത് സാഗര്‍ സംവിധാനം ചെയ്ത് 27 വര്‍ഷങ്ങള്‍ക്ക് മുമ്പ് സംപ്രേക്ഷണം ചെയ്ത ‘ശ്രീകൃഷ്ണ’ ആണ് പുനഃസംപ്രേഷണത്തിന് ഒരുങ്ങിയിരിക്കുന്നത്.

ഡിഡി നാഷണല്‍ ചാനലിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് അധികൃതര്‍ ഈ വിവരം പുറത്തുവിട്ടത്. രാമാനന്ത് സാഗര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത പരമ്പര ശ്രീകൃഷ്ണന്റെ ജീവിതകഥയാണ് ദൃശ്യവത്കരിക്കുന്നത്.

സര്‍വദാമന്‍ ഡി ബാനര്‍ജിയാണ് പരമ്പരയില്‍ ശ്രീകൃഷ്ണന്റെ യൗവനകാലഘട്ടം അവതരിപ്പിച്ചത്. ദീപക് ദേവുല്‍കര്‍, പിങ്കി പരീഖ് എന്നിവരാണ് പരമ്പരയിലെ മറ്റ് പ്രധാന അഭിനേതാക്കള്‍. 1993ലാണ് ദൂരദര്‍ശന്റെ മെട്രോ ചാനലായ ഡിഡി2 വില്‍ ശ്രീകൃഷ്ണയുടെ സംപ്രേഷണം ആരംഭിച്ചത്. പിന്നീട് 1996ല്‍ സംപ്രേഷണം ഡിഡി നാഷണലിലേക്ക് മാറ്റി. നേരത്തേ രാമായണവും മഹാഭാരതവും ശക്തിമാനും ഉള്‍പ്പെടെയുള്ള പഴയ ജനകീയപരമ്പരകള്‍ ദുരദര്‍ശന്‍ പുനഃസംപ്രേഷണം ചെയ്തിരുന്നു.

Exit mobile version