8.8 കിലോമീറ്റര്‍ ദൂരത്തിന് 1334 രൂപ ഈടാക്കി: ഊബര്‍ ഇന്ത്യയ്ക്ക് 20000 രൂപയാണ് പിഴ

ന്യൂഡല്‍ഹി: സര്‍വീസിന് അധിക ചാര്‍ജ് ഈടാക്കിയതിന് ഊബറിന് പിഴയിട്ട് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍. സര്‍വീസിന് അധിക ചാര്‍ജ് ഈടാക്കിയതിനാണ് ഊബര്‍ ഇന്ത്യയ്ക്ക് പിഴ ചുമത്തിയത്. 8.8 കിലോമീറ്റര്‍ സഞ്ചരിച്ചതിന് 1334 രൂപ ഈടാക്കിയ ഊബര്‍ ഇന്ത്യയ്ക്ക് ആകെ മൊത്തം 20000 രൂപയാണ് പിഴയിട്ടത്. ചണ്ഡീഗഡ് സ്വദേശി അശ്വനി പ്രഷാറിന്റെ പരാതിയിലാണ് വിധി. യാത്രയ്ക്ക് മുന്‍പ് 8.8 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ആപ്പില്‍ 359 രൂപയാണ് കാണിച്ചിരുന്നതെങ്കിലും യാത്ര അവസാനിച്ചപ്പോള്‍ ആപ്പില്‍ ഇത് 1334 രൂപയായി മാറി.

6.18 മിനിറ്റെടുത്താണ് ഊബര്‍ 8.8 കിലോമീറ്റര്‍ സഞ്ചരിച്ചത്. സംഭവത്തെ തുടര്‍ന്ന് അശ്വനി നിരവധി തവണ ഊബറിന് പരാതി അയച്ചിരുന്നെങ്കിലും നടപടിയുണ്ടായില്ല. ഇതിനെ തുടര്‍ന്നാണ് ഇവര്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനെ സമീപിക്കുന്നത്. റോഡിലെ ബ്ലോക്കും മറ്റും കാരണം ഇടക്ക് റൂട്ട് മാറ്റേണ്ടി വന്നു എന്നായിരുന്നു ഊബറിന്റെ വാദം. എന്നാല്‍ റൂട്ട് മാറ്റിയത് യാത്രക്കാരിയുടെ ആവശ്യപ്രകാരമാണോ അതോ ഡ്രൈവറുടെ തീരുമാനപ്രകാരമാണോ എന്ന് അറിയില്ലെന്നും ഊബര്‍ പറഞ്ഞു.

പിഴ തുകയില്‍ നിന്ന് 10,000 രൂപ യാത്രക്കാരിക്ക് നല്‍കാനും 10,000 രൂപ നിയമസഹായ അക്കൗണ്ടില്‍ നിക്ഷേപിക്കാനും നിര്‍ദേശിച്ചു. സംഭവത്തിന് ശേഷം ഊബര്‍ ആപ്പിലൂടെയും ജീമെയിലൂടെയും പരാതി നല്‍കിയെങ്കിലും നടപടിയുണ്ടാില്ലെന്നാണ് പരാതിക്കാരി പറയുന്നത്. എന്നാല്‍ പരാതിയുടെ അടിസ്ഥാനത്തില്‍ ഊബര്‍ ഇന്ത്യ പരാതിക്കാരിക്ക് 975 രൂപ തിരികെ നല്‍കി എന്നാണ് ഊബറിന്റെ അവകാശവാദം.

Exit mobile version