ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍; ട്രെയിലര്‍ നിരോധിക്കണമെന്ന ഹര്‍ജി കോടതി തള്ളി, വിധിക്കെതിരെ ഹര്‍ജിക്കാരി സുപ്രീംകോടതിയെ സമീപിച്ചു

ഭരണഘടനപരമായ ഒരു സ്ഥാനത്തിരുന്നയാളെ മോശമായി ചിത്രീകരിക്കാന്‍ സിനിമയ്ക്ക് ഒരു അവകാശവുമില്ലെന്നായിരുന്നു ഹര്‍ജിയില്‍ പറഞ്ഞിരുന്നത്.

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ജീവിതം പറയുന്ന ചിത്രം ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്ററിന്റെ ട്രെയിലര്‍ നിരോധിക്കണമെന്ന ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. ഡല്‍ഹി സ്വദേശിനിയായ ഫാഷന്‍ ഡിസൈനര്‍ പൂജ മഹജന്‍ നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്. അതേസമയം ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെ ഹര്‍ജിക്കാരി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി.

ഭരണഘടനപരമായ ഒരു സ്ഥാനത്തിരുന്നയാളെ മോശമായി ചിത്രീകരിക്കാന്‍ സിനിമയ്ക്ക് ഒരു അവകാശവുമില്ലെന്നായിരുന്നു ഹര്‍ജിയില്‍ പറഞ്ഞിരുന്നത്. ഇന്ത്യന്‍ പീനല്‍ കോഡ് 416 വകുപ്പ് ലംഘിക്കുന്നതാണ് ട്രെയിലറെന്നും ഗൂഗിള്‍, യൂട്യൂബ് തുടങ്ങിയവയില്‍ ട്രെയിലര്‍ പ്രദര്‍ശിപ്പിക്കുന്നത് തടയാനുള്ള നടപടി സ്വീകരിക്കാന്‍ കേന്ദ്രത്തിനോട് നിര്‍ദ്ദേശിക്കണമെന്നും പരാതിയില്‍ പറയുന്നുണ്ട്.

പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഡോ മന്‍മോഹന്‍ സിംഗിന്റെ മാധ്യമ ഉപദേഷ്ടാവായിരുന്ന സഞ്ജയ് ബാരുവിന്റെ പുസ്തകത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ദ ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍: ദ മേക്കിംഗ് ആന്‍ഡ് അണ്‍മേക്കിംഗ് ഓഫ് മന്‍മോഹന്‍ സിംഗ് എന്നാണ് ഈ പുസ്തകത്തിന്റെ പേര്.

Exit mobile version