ദ ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്ററിന്റെ ട്രെയിലര്‍ നീക്കം ചെയ്യണമെന്ന ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി

ഗൂഗിള്‍, യുട്യൂബ്, സെന്‍സര്‍ ബോര്‍ഡ് എന്നിവരില്‍ നിന്നാണ് ട്രെയിലര്‍ നീക്കം ചെയ്യാന്‍ പൂജ മഹാജന്‍ കോടതിയോട് ആവശ്യപ്പെട്ടത്

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ ജീവിതകഥ പറയുന്ന ദ ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ ചിത്രത്തിന്റെ ട്രെയിലര്‍ നീക്കം ചെയ്യണമെന്ന ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. ദല്‍ഹി സ്വദേശിയും ഫാഷന്‍ ഡിസൈനറുമായ പൂജ മഹാജനാണ് ട്രെയിലറിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. ഗൂഗിള്‍, യുട്യൂബ്, സെന്‍സര്‍ ബോര്‍ഡ് എന്നിവരില്‍ നിന്നാണ് ട്രെയിലര്‍ നീക്കം ചെയ്യാന്‍ പൂജ മഹാജന്‍ കോടതിയോട് ആവശ്യപ്പെട്ടത്.

ട്രെയിലര്‍ ഐ.പി.സി സെക്ഷന്‍ 416 പ്രകാരം ആള്‍മാറാട്ടത്തിന് തുല്യമാണെന്നാണ് ഹരജിയില്‍ പറയുന്നത്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ്, കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി എന്നിവരുടെ അനുവാദമില്ലാതെയാണ് സിനിമയുടെ അണിയറക്കാര്‍ ചിത്രം നിര്‍മിച്ചതെന്ന് ഹരജിയില്‍ പറയുന്നു. പൂജയുടെ ഹരജി വ്യക്തികള്‍ തമ്മിലുള്ള കേസായി പരിഗണിക്കാന്‍ സാധിക്കാത്തതിനാല്‍ പൊതു താല്‍പര്യ ഹരജിയായി സമര്‍പ്പിക്കാന്‍ പറഞ്ഞാണ് കോടതി ഹരജി തള്ളിയത്. സോണിയ ഗാന്ധിയെയും കുടുംബത്തെയും താറടിച്ചു കാട്ടാനുള്ള ബി.ജെ.പി പ്രചാരണത്തിന്റെ ഭാഗമാണ് സിനിമയെന്ന് കോണ്‍ഗ്രസ് നേരത്തെ ആരോപിച്ചിരുന്നു.

അനുപം ഖേറാണ് ചിത്രത്തില്‍ മന്‍മോഹന്‍ സിങ്ങിനെ അവതരിപ്പിക്കുന്നത്. പ്രധാന മന്ത്രിയായിരുന്ന കാലത്ത് ഡോ. മന്‍മോഹന്‍ സിങ്ങിന്റെ മാധ്യമ ഉപദേഷ്ടാവായിരുന്ന സഞ്ജയ് ബാരുവിന്റെ പുസ്തകത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. ദ ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍, ദ മേക്കിംഗ് ആന്‍ഡ് അണ്‍ മേക്കിങ് ഓഫ് മന്‍മോഹന്‍ സിങ് എന്നാണ് പുസ്തകത്തിന്റെ പേര്. ചിത്രത്തില്‍ മന്‍മോഹന്‍ സിങ്ങിനു പുറമെ മറ്റൊരു പ്രധാന കഥാപാത്രമായ സോണിയ ഗാന്ധിയെ അവതരിപ്പിക്കുന്നത് ജര്‍മന്‍ നടി സൂസന്‍ ബെര്‍നാടാണ്. വിജയ് രത്‌നാകര്‍ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. ചിത്രം ഈ വെള്ളിയാഴ്ച്ച റിലീസ് ചെയ്യും.

Exit mobile version