സമൂഹത്തിലെ ഉന്നത വ്യക്തികളുടെ പ്രതിച്ഛായ മോശമാക്കി; നടന്‍ അനുപം ഖേറിനെതിരെ കേസ്

സമൂഹത്തിലെ ഉന്നത വ്യക്തികളുടെ പ്രതിച്ഛായ മോശമാക്കി എന്നാരോപിച്ച് നടന്‍ അനുപം ഖേര്‍ ഉള്‍പ്പെടെ 'ദി ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍' എന്ന ചിത്രവുമായി ബന്ധപ്പെട്ടവര്‍ക്കെതിരെയാണ് കേസ് നല്‍കിയിരിക്കുന്നത്

ബീഹാര്‍: ബോളിവുഡ് ചിത്രം ‘ദി ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍’ ട്രെയിലര്‍ പുറത്തു വന്നത് മുതല്‍ വിവാദത്തിലാണ്. ഇത്തവണ സമൂഹത്തിലെ ഉന്നത വ്യക്തികളുടെ പ്രതിച്ഛായ മോശമാക്കി എന്നാരോപിച്ച് നടന്‍ അനുപം ഖേര്‍ ഉള്‍പ്പെടെ ‘ദി ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍’ എന്ന ചിത്രവുമായി ബന്ധപ്പെട്ടവര്‍ക്കെതിരെയാണ് കേസ് നല്‍കിയിരിക്കുന്നത്. അഭിഭാഷകനായ സുധീര്‍ കുമാര്‍ ഒജ്ഹയാണ് പരാതി നല്‍കിയിരിക്കുന്നത്.

മുസാഫര്‍പൂറിലെ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഫയല്‍ ചെയ്ത കേസ് ജനുവരി 8ന് സബ് ഡിവിഷണല്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി പരിഗണിക്കും.

ഇന്ത്യയുടെ മുന്‍ പ്രധാന മന്ത്രി ഡോ മന്‍മോഹന്‍സിംഗിന്റെ രാഷ്ട്രീയ ജീവിതത്തിലെ ചില പ്രധാന ഏടുകള്‍ പ്രമേയമാക്കി ഒരുക്കിയ ചിത്രത്തില്‍ അദ്ദേഹമായി സ്‌ക്രീനിലെത്തുന്ന അനുപം ഖേറിനെതിരെയും മുന്‍പ്രധാനമന്ത്രിയുടെ മുഖ്യ മാധ്യമ ഉപദേഷ്ടാവും ചിത്രത്തിനു ആധാരമായ പുസ്തകത്തിന്റെ രചയിതാവുമായ സഞ്ജയ് ബാരുവായി വേഷമിടുന്ന അക്ഷയ് ഖന്നക്കെതിരെയും പരാതി നല്‍കിയിട്ടുണ്ട്. ഇതിനു പുറമെ ചിത്രത്തിന്റെ നിര്‍മ്മാതാവിനും സംവിധായകനെതിരെയും പരാതി നല്‍കിയിട്ടുണ്ട്.

Exit mobile version