അയോധ്യയിൽ പ്രതിഷ്ഠിക്കാനുള്ള രാംലല്ല വിഗ്രഹം ക്ഷേത്രത്തിലെത്തിച്ചു; വീഡിയോ പുറത്ത്

അയോധ്യ: അയോധ്യയിൽ ഉയരുന്ന രാമക്ഷേത്രത്തിൽ ഈ മാസം 22-ന് നടക്കുന്ന പ്രതിഷ്ഠാ ചടങ്ങിനുള്ള രാംലല്ല (ബാലരാമൻ) വിഗ്രഹം ക്ഷേത്രത്തിലെത്തിച്ചു. 150 മുതൽ 200 കിലോ ഗ്രാം വരെ തൂക്കം വരുന്ന വിഗ്രഹമാണിത്. മൈസുരുവിൽനിന്നുള്ള ശിൽപിയായ അരുൺ യോഗിരാജ് കൊത്തിയെടുത്ത വിഗ്രഹം ക്ഷേത്രത്തിൽ എത്തിച്ചതിന്റെ വീഡിയോ ദൃശ്യങ്ങൾ വാർത്താ ഏജൻസികളാണ് പുറത്തുവിട്ടത്.

അയോധ്യയിലെ പ്രതിഷ്ഠാച്ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോഡി മുഖ്യയജമാനനായിരിക്കുമെന്നാണ് ചടങ്ങുകൾക്ക് കാർമികത്വം വഹിക്കുന്ന മുഖ്യപുരോഹിതൻ ലക്ഷ്മികാന്ത് ദീക്ഷിത് പറഞ്ഞത്.

പ്രാണപ്രതിഷ്ഠയുടെ മുന്നോടിയായി ചൊവ്വാഴ്ച തുടങ്ങിയ ചടങ്ങുകൾക്ക് കാർമികത്വം വഹിക്കുന്ന രാമക്ഷേത്ര ട്രസ്റ്റ് അംഗം അനിൽ മിശ്ര പ്രതിഷ്ഠാദിനത്തിൽ യജമാനനാകുമെന്ന റിപ്പോർട്ടുകളാണ് നേരത്തെ വന്നിരുന്നത.് ഇക്കാര്യം ദീക്ഷിത് നിഷേധിച്ചു.

”സാധാരണഗതിയിൽ ഒരു പൂജയുടെ പ്രധാന ആതിഥേയനാണ് യജമാനൻ. ആരുടെ പേരിലാണോ പ്രാർഥനകൾ അർപ്പിക്കുന്നത് അദ്ദേഹമായിരിക്കും യജമാനൻ”- എന്നാണ് ദീക്ഷിത് അറിയിച്ചിരിക്കുന്നത്.

ALSO READ- അയോധ്യ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാന്‍ വിരാട് കോഹ്‌ലിയും: അവധി അപേക്ഷ ബിസിസിഐ അംഗീകരിച്ചതായി റിപ്പോര്‍ട്ട്

അതേസമയം, ബുധനാഴ്ച ബാലരാമന്റെ വെള്ളി വിഗ്രഹവുമായി രാമക്ഷേത്രപരിസരത്ത് പുരോഹിതരുടെ നേതൃത്വത്തിൽ പര്യടനം നടന്നിരുന്നു. പുഷ്പങ്ങളാൽ അലങ്കരിച്ച പല്ലക്കിലായിരുന്നു വിഗ്രഹം പ്രദർശിപ്പിച്ചിരുന്നത്. ഈ വിഗ്രഹമല്ല, 22-ന് ക്ഷേത്രത്തിന്റെ ശ്രീകോവിലിൽ പ്രതിഷ്ഠിക്കുന്ന വിഗ്രഹം.

Exit mobile version