മഥുര ഷാഹി ഈദ്ഗാഹ് പള്ളിയിലെ സര്‍വെയ്ക്ക് സുപ്രീംകോടതിയുടെ സ്റ്റേ

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ മഥുര കൃഷ്ണജന്മഭൂമി ക്ഷേത്രത്തോട് ചേര്‍ന്നുള്ള ഷാഹി ഈദ്ഗാഹ് പള്ളിയിലെ സര്‍വെ സ്റ്റേ ചെയ്തു സുപ്രീംകോടതി. അഡ്വക്കറ്റ് കമ്മിഷന്റെ പരിശോധനയ്ക്കുള്ള അലഹബാദ് ഹൈക്കോടതി ഉത്തരവിനാണ് സ്റ്റേ. മസ്ജിദ് കമ്മിറ്റിയുടെ ഹര്‍ജി പരിഗണിച്ചാണ് സുപ്രീം കോടതി നടപടി. ഗ്യാന്‍വാപി മോസ്‌കില്‍ നടത്തിയതിന് സമാനമായ സര്‍വേ നടത്താന്‍ കഴിഞ്ഞ മാസമാണ് ഹൈക്കോടതി അനുമതി നല്‍കിയത്.

പള്ളിയില്‍ സര്‍വേ നടത്താന്‍ കമ്മീഷണറെ നിയമിക്കണമെന്ന അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവാണ് നിലവില്‍ സുപ്രീംകോടതി സ്റ്റേ ചെയ്തത്. ഷാഹി ഈദ്ഗാഹ് പള്ളിയെ കൃഷ്ണ ജന്മഭൂമിയായി പ്രഖ്യാപിക്കണമെന്ന ഹര്‍ജി നേരത്തെ സുപ്രീം കോടതി തള്ളിയിരുന്നു.

കൃഷ്ണ ജന്മഭൂമിയിലാണ് പള്ളി സ്ഥിതി ചെയ്യുന്നതെന്ന് അവകാശപ്പെട്ട് ഹിന്ദു സംഘടന കോടതിയെ സമീപിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു ഹൈക്കോടതിയുടെ നടപടി. പതിനേഴാം നൂറ്റാണ്ടില്‍ നിര്‍മിച്ച ഷാഹി ഈദ്ഗാഹ് പള്ളി സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് ശ്രീകൃഷ്ണന്‍ ജനിച്ചതെന്നും ക്ഷേത്രത്തിന്റെ നിരവധി അടയാളങ്ങളും ചിഹ്നങ്ങളും ഉണ്ടെന്നും അവകാശപ്പെട്ടാണ് ഹൈന്ദവ വിഭാഗം ഹൈക്കോടതിയെ സമീപിച്ചത്.

Exit mobile version