‘അയോധ്യ കഴിഞ്ഞു, അടുത്തത് മഥുര’, യുപി തെരഞ്ഞെടുപ്പിനായി ബിജെപി തന്ത്രം ‘കൃഷ്ണജന്മഭൂമി’; തുറന്ന് പറഞ്ഞ് ഉപമുഖ്യമന്ത്രി

ലഖ്‌നൗ: യുപി നിയമസഭാ തെരഞ്ഞെടുപ്പിനെ വരവേൽക്കാനായി ബിജെപി തയ്യാറെടുക്കന്നതെങ്ങനെയെന്ന് വ്യക്തമാക്കി യുപി ഉപമുഖ്യമന്ത്രി രംഗത്ത്. മഥുര കൃഷ്ണജന്മഭൂമി ക്ഷേത്ര വാദമുയർത്തി വോട്ടുപിടിക്കാനാണ് ബിജെപി നീക്കം. മഥുരയിലെ ശ്രീകൃഷ്ണ ജന്മക്ഷേത്രത്തിനോട് ചേർന്നുള്ള ഷാഹി ഈദ് ഗാഹ് മസ്ജിദ് പൊളിച്ചുനീക്കണമെന്ന ആവശ്യം ഹിന്ദുത്വവാദികൾ ഏറെക്കാലമായി ഉന്നയിക്കുന്നുണ്ട്.

read also- ചരിത്രം തിരുത്തിയ കർഷകർക്ക് അഭിമാനിക്കാം; രാഷ്ട്രപതി ഒപ്പുവെച്ചു, വിവാദ കാർഷിക നിയമങ്ങൾ റദ്ദായി

ശ്രീകൃഷ്ണന്റെ ജന്മസ്ഥലം ഷാഹി ഈദ് ഗാഹ് സ്ഥിതി ചെയ്യുന്ന ഭൂമിയുടെ അടിയിലാണെന്നാണ് ഇവരുടെ വാദം. ക്ഷേത്രത്തിന്റെ ഒരു ഭാഗം തകർത്താണ് പള്ളി പണിതതെന്ന അവകാശവാദം മഥുര സിവിൽ കോടതി കഴിഞ്ഞ വർഷം തള്ളിയിരുന്നു.

അയോധ്യയിലും കാശിയിലും ക്ഷേത്രങ്ങൾ നിർമ്മാണത്തിലാണെന്നും മഥുരയിൽ ക്ഷേത്രം നിർമ്മിക്കാനുള്ള തയാറെടുപ്പ് മുന്നോട്ടുപോകുകയാണെന്നും യുപി ഉപമുഖ്യമന്ത്രി കേശവ പ്രസാദ് മൗര്യ ട്വീറ്റ് ചെയ്തു.

മഥുരയിലെ ശാഹി ഈദ്ഗാഹ് പള്ളിക്കകത്ത് പൂജാ ചടങ്ങുകളോടെ കൃഷ്ണ വിഗ്രഹം സ്ഥാപിക്കാൻ അഖില ഭാരതീയ ഹിന്ദു മഹാസഭ പ്രഖ്യാപിച്ച മാർച്ച് തിങ്കളാഴ്ച മാറ്റിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രി തന്നെ ഇക്കാര്യം ട്വീറ്റ് ചെയ്തത്. ഇത് തുടക്കം മാത്രം, കാശിയും മഥുരയും വരാനുണ്ട് എന്നാണ് ബിജെപി-തീവ്രഹിന്ദുത്വ വാദികൾ ഉയർത്തുന്ന മുദ്രാവാക്യം.

Exit mobile version