ബ്രിജ് ഭൂഷന്റെ ഗുണ്ടകള്‍ നിരന്തരം വിളിച്ച് ഭീഷണി മുഴക്കുന്നു; സുരക്ഷ ഒരുക്കണമെന്ന് സാക്ഷി മാലിക്; ഇനി ഗോദയിലേക്കില്ലെന്നും താരം

ന്യൂഡല്‍ഹി: ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷന്‍ ശരണ്‍ സിങ്ങിന്റെ ഭാഗത്തുനിന്നും നിരന്തരം ഭീഷണിയെന്ന് ഗുസ്തി താരം സാക്ഷി മാലിക്. ബ്രിജ് ഭൂഷന്റെ ഗുണ്ടകള്‍ അമ്മയെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുന്നുവെന്നാണ് സാക്ഷിയുടെ പരാതി.

അമ്മയ്ക്ക് നിരന്തരം വധഭീഷണി സന്ദേശങ്ങള്‍ അയയ്ക്കുന്ന ബ്രിജ് ഭൂഷന്റെ ആളുകള്‍ തനിക്കെതിരെ കേസുകള്‍ എടുക്കുമെന്നാണ് അമ്മയെ ഭീഷണിപ്പെടുത്തുന്നതെന്ന് താരം പറഞ്ഞു. തനിക്കും കുടുംബത്തിനും സര്‍ക്കാര്‍ സുരക്ഷയൊരുക്കണമെന്നും സാക്ഷി ആവശ്യപ്പെട്ടു.

ALSO READ- ഗോവയിലേക്ക് പുതുവത്സരം ആഘോഷിക്കാന്‍ പോയ വൈക്കം സ്വദേശിയെ കാണാനില്ല; 19കാരന്‍ സഞ്ജയ്ക്കായി തിരച്ചില്‍

”വനിതാ ഗുസ്തി താരങ്ങളുടെ സുരക്ഷയ്ക്കു വേണ്ടിയായിരുന്നു ഞങ്ങളുടെ പോരാട്ടം. ഇപ്പോള്‍ ഞങ്ങളുടെ സുരക്ഷ തന്നെ ഭീഷണിയിലാണ്. ഞങ്ങളുടെ കുടുംബങ്ങള്‍ ഭയപ്പാടിലാണ്. വളരെ ദുഃഖകരമായ അവസ്ഥയാണിത്.നിങ്ങളുടെ വീടുകളിലും എന്നെ പോലുള്ള പെണ്‍മക്കളും സഹോദരിമാരും ഇല്ലേയെന്നാണ് എനിക്ക് ചോദിക്കാനുള്ളത്. ദയവായി കുപ്രചാരണം അവസാനിപ്പിക്കണം. ഇനി ഗോദയിലേക്കില്ല. ആ തീരുമാനത്തിന് മാറ്റമില്ല. പ്രതിഷേധത്തിന്റെ ഭാഗമായിട്ടാണെങ്കിലും ഗുസ്തിയില്‍നിന്ന് വിരമിച്ചു കഴിഞ്ഞെന്നും സാക്ഷി മാലിക് പറഞ്ഞു.

Exit mobile version