‘രേവന്ത് അണ്ണാ’, ആശുപത്രിയിലെത്തിയ മുഖ്യമന്ത്രിയെ ഉറക്കെ വിളിച്ച് സഹായം അഭ്യാർത്ഥിച്ച് യുവതി; നിമിഷ നേരം കൊണ്ട് പ്രശ്‌നം പരിഹരിച്ച് രേവന്ത് റെഡ്ഡി; വൈറൽ

ഹൈദരാബാദ്: മുൻമുഖ്യമന്ത്രി കെ ചന്ദ്രശേഖരറാവുവിനെ കാണാനായി ആശുപത്രിയിലെത്തിയ തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡിയുടെ ഒരു വീഡിയോയാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. രേവന്ത് റെഡ്ഡിയെ ‘രേവന്ത് അണ്ണാ’ എന്ന് വിളിച്ച് സഹായം അഭ്യർഥിച്ച യുവതിക്ക് ഉടനെ തന്നെ സഹായം എത്തിച്ചാണ് മുഖ്യമന്ത്രി രേവന്ത് മാതൃകയായത്.

വീണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖരറാവുവിനെ കാണാനായി ഞായറാഴ്ച ഹൈദരാബാദിലെ യശോദ ആശുപത്രിയിലെത്തിയതായിരുന്നു രേവന്ത് റെഡ്ഡി. ഈ സമയത്ത് നിരവധി സുരക്ഷ ഉദ്യോഗസ്ഥരുൾപ്പടെ നിരവധി പേർ രേവന്ത് റെഡ്ഡിക്ക് ഒപ്പമുണ്ടായിരുന്നു.

മുഖ്യമന്ത്രി നടന്നു നീങ്ങുമ്പോഴാണ് കുറച്ചകലെ നിൽക്കുകയായിരുന്ന യുവതി രേവന്ത് അണ്ണാ എന്ന് ഉച്ചത്തിൽ വിളിച്ചത്. തുടർന്ന് അദ്ദേഹത്തോട് സംസാരിക്കാനുണ്ടെന്നും സ്ത്രീ പറഞ്ഞു. അവരുടെ വിളി ശ്രദ്ധിച്ചയുടൻ രേവന്ത് റെഡ്ഡി അരികിലെത്തി എന്താണ് പ്രശ്‌നമെന്ന് ചോദിച്ചറിയുകയായിരുന്നു.

ALSO READ- ‘ജമ്മു കശ്മീരിന് പ്രത്യേകപദവി അവകാശപ്പെടാനാകില്ല’; സെപ്റ്റംബർകേന്ദ്ര സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീം കോടതി; 2024 സെപ്റ്റംബർ 30ന് മുൻപ് തിരഞ്ഞെടുപ്പ്

ഇതോടെ സുഖമില്ലാത്ത കുഞ്ഞിനെയുമായി ആശുപത്രിയിലെത്തിയതാണെന്നും ചികിത്സക്കായി ഒറ്റ ദിവസം കൊണ്ട് ലക്ഷങ്ങളുടെ ബില്ലാണ് വന്നതെന്നും യുവതി അറിയിക്കുകയായിരുന്നു. ഇത്ര വലിയ തുക അടയ്ക്കാൻ വഴിയില്ലാതെ വിഷമിക്കുന്നത് യുവതി മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തുകയായിരുന്നു.

ഇതോടെ അവരുടെ പ്രശ്‌നം പരിഹരിക്കണമെന്ന് ആശുപത്രി അധികൃതരെ ചുമതലപ്പെടുത്തിയിട്ടാണ് രേവന്ത് മടങ്ങിയത്. ഈ വിഡിയോ വൈറലായതോടെ നിരവധിയാളുകളാണ് പുതിയ മുഖ്യമന്ത്രിയെ അഭിനന്ദിച്ച് രംഗത്ത് എത്തിയത്.

നിങ്ങൾ സൂപ്പറാണ് അണ്ണാ…എന്നാണ് നെറ്റസൺസ് പ്രതികരിക്കുന്നത്. ഡിസംബർ ഏഴിനാണ് രേവന്ത് റെഡ്ഡി തെലങ്കാന മുഖ്യമന്ത്രിയായി അധികാരമേറ്റത്.

Exit mobile version