‘മോഡിജി വേണ്ട, മോഡി എന്ന് വിളിച്ചാല്‍ മതി’: എംപിമാര്‍ക്ക് നിര്‍ദേശം നല്‍കി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: തന്നെ മോഡിജി എന്നല്ല മോഡി എന്ന് വിളിച്ചാല്‍ മതിയെന്ന് ബിജെപി എംപിമാര്‍ക്ക് നിര്‍ദേശം നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോഡി. പേരിനൊപ്പം ബഹുമാനത്തോടെ ജി ചേര്‍ത്തുള്ള വിശേഷം ഒഴിവാക്കാന്‍ മോഡി ആവശ്യപ്പെട്ടു. ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് മോഡിയുടെ നിര്‍ദേശം. ജി ചേര്‍ത്ത് വിളിക്കുന്നത് ജനങ്ങളില്‍ നിന്ന് അകലമുണ്ടാക്കുന്നു. താന്‍ സാധാരണ പാര്‍ട്ടി പ്രവര്‍ത്തകന്‍ മാത്രമാണെന്നും മോഡി പറഞ്ഞു.

രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ വിജയത്തിന് ശേഷം നടന്ന ആദ്യ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ പ്രധാനമന്ത്രിയെ സ്വാഗതം ചെയ്തു.

ബിജെപി എംപിമാര്‍ ‘മോഡി ജി കാ സ്വാഗത് ഹേ’ എന്ന മുദ്രാവാക്യത്തോടെയും കരഘോഷത്തോടെയും പ്രധാനമന്ത്രിയെ സ്വീകരിച്ചു. പ്രധാനമന്ത്രിയെ ഹാരവും ഷാളും അണിയിച്ച് നഡ്ഡ സ്വീകരിച്ചു. പാര്‍ലമെന്റിന്റെ നടപടിക്രമങ്ങള്‍ ആരംഭിക്കുന്നതിന് മുന്നോടിയായി പാര്‍ലമെന്റ് ഹൗസ് കോംപ്ലക്‌സിലെ ബാലയോഗി ഓഡിറ്റോറിയത്തിലായിരുന്നു യോഗം.

Exit mobile version