കോണ്‍ഗ്രസിന് ആശംസകള്‍: ജനവിധി പാഠമായെടുത്ത് തിരിച്ചുവരും; കെടി രാമ റാവു

ഹൈദരാബാദ്: തെലങ്കാനയിലെ വിജയത്തില്‍ കോണ്‍ഗ്രസിനെ അഭിനന്ദിച്ച് തെലങ്കാന വ്യവസായ മന്ത്രി കെടി രാമ റാവു. തിരഞ്ഞെടുപ്പ് ഫലത്തില്‍ സങ്കടമില്ല, പക്ഷേ പ്രതീക്ഷിച്ച നിലയില്‍ ഉയരാനാവാത്തതില്‍ നിരാശയുണ്ടെന്ന് മന്ത്രി പ്രതികരിച്ചു.

കഴിഞ്ഞ രണ്ടു തവണയും ബിആര്‍എസ് പാര്‍ട്ടിക്ക് അവസരം നല്‍കിയതിന് തെലങ്കാനയിലെ ജനങ്ങള്‍ക്ക് നന്ദിയും കെടിആര്‍ അറിയിച്ചു. ഇന്നത്തെ ഫലത്തില്‍ സങ്കടമില്ല, പക്ഷേ ഞങ്ങള്‍ പ്രതീക്ഷിച്ച നിലയിലേയ്ക്ക് ഉയരാന്‍ കഴിയാത്തതില്‍ തീര്‍ച്ചയായും നിരാശയുണ്ട്. എന്നാല്‍ ഈ തിരഞ്ഞെടുപ്പ് ഫലം ഞങ്ങള്‍ ഒരു പാഠമായി എടുക്കുകയും തിരിച്ചുവരുകയും ചെയ്യുമെന്നും കെടി രാമറാവു എക്‌സില്‍ കുറിച്ചു. ജനവിധി നേടിയ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് അഭിനന്ദനങ്ങള്‍. കോണ്‍ഗ്രസിന് ആശംസകള്‍ നേരുന്നുവെന്നും കെ ടി രാമറാവു എക്‌സില്‍ കുറിച്ചു.

തെലങ്കാനയില്‍ ഇതുവരെ വന്ന ഫലം അനുസരിച്ച് 63 സീറ്റുകളില്‍ കോണ്‍ഗ്രസും 40 സീറ്റുകളില്‍ ബിഎച്ച്ആര്‍എസും ആണ് മുന്നിട്ട് നില്‍ക്കുന്നത്. ബിജെപി 9 സീറ്റുകളിലും എഐഎംഐഎം 6 സീറ്റുകളിലും സിപിഐ ഒരു സീറ്റിലും ലീഡ് ചെയ്യുന്നു. ഒന്‍പതര വര്‍ഷങ്ങള്‍ക്ക് മുന്‍പ് തെലങ്കാന സംസ്ഥാനം രൂപം കൊണ്ടതിന് ശേഷം നടന്ന രണ്ടു തിരഞ്ഞെടുപ്പുകളിലെല്ലാം ജനവിധി നേടിയത് ബിആര്‍എസ് ആയിരുന്നു.

Exit mobile version