‘മറുകണ്ടം ചാടിക്കാൻ അനുവദിക്കില്ല’; തെലങ്കാനയിലെ ജയിച്ച കോൺഗ്രസ് സ്ഥാനാർത്ഥികളെ കാത്ത് ഹോട്ടലിന് പുറത്ത് ലക്ഷ്വറി ബസുകൾ; നേരെ ബംഗളൂരുവിലേക്ക്, പ്ലാനിട്ടത് ഇങ്ങനെ

ഹൈദരാബാദ്: തെലങ്കാനയിൽ കോൺഗ്രസ് വിജയം ഉറപ്പിച്ചതോടെ വാർത്തകളിൽ നിറയുന്നത് ലക്ഷ്വറി ബസുകളാണ്. കോൺഗ്രസ് നേതൃത്വം ഏർപ്പാടാക്കിയ ഈ ബസുകൾ കോൺഗ്രസ് സ്ഥാനാർത്ഥികളായി ജയിച്ച നിയുക്ത എംഎൽഎമാരെ ബംഗളൂരുവിലേക്ക് മാറ്റും. ബിജെപിയോ മറ്റ് പാർട്ടികളോ സ്വന്തം എംഎൽഎമാരെ സ്വാധീനിക്കാതിരിക്കാനാണ് തെരഞ്ഞെടുപ്പ് ഫലം വരും മുൻപ് തന്നെ ബസുകൾ സ്ഥാനാർത്ഥികൾ താമസിച്ച ഹോട്ടലിന് പുറത്ത് സ്ഥാനം പിടിച്ചത്.

അതേസമയം 63 സീറ്റിലും വിജയം ഉറപ്പിച്ച കോൺഗ്രസിന് എതിരാളികളില്ലെന്ന് ഉറപ്പായിരിക്കുകയാണ്. അതുകൊണ്ട് തന്നെ ബസുകളുമായി ബംഗളൂരുവിലേക്ക് എംഎൽഎമാരെ മാറ്റാനുള്ള സാധ്യത കുറവാണ്.
എങ്കിലും വാർത്തകളിൽ വീണ്ടും റിസോർട്ട് രാഷ്ട്രീയവും നിറയുകയാണ്. നാലിടത്ത് നടന്ന വോട്ടെണ്ണലിൽ മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഢിലും ബിജെപി വിജയിക്കുകയും തെലങ്കാനയിൽ ആദ്യമായി കോൺഗ്രസ് ഭരണമുറപ്പിക്കുകയും ചെയ്തിരിക്കുകയാണ്.

തെലഹ്കാന ഉറപ്പിച്ചതോടെ എംഎൽഎമാരെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നു റിപ്പോർട്ടുകൾ വന്നിരുന്നു. അതേസമയം, ഒരു എംഎൽഎയെയോ സ്ഥാനാർത്ഥിയെയോ മറുകണ്ടം ചാടിക്കാൻ അനുവദിക്കില്ലെന്നും കർണാടക ഉപമുഖ്യമന്ത്രി ഡികെശിവകുമാർ വ്യക്തമാക്കുകയും ചെയ്തു.

തെലങ്കാനയിൽ വ്യക്തമായ ഭൂരിപക്ഷം നേടാനായില്ലെങ്കിൽ എംഎൽഎമാരെ കർണാടകയിലേക്ക് കൊണ്ടുപോകുന്നതിനായാണ് കോൺഗ്രസ് നാലു ബസുകൾ ഹൈദരാബാദിലെ താജ് കൃഷ്ണ ഹോട്ടലിൽ തയ്യാറാക്കിനിർത്തിയത്. മുതിർന്ന നേതാവ് ശിവകുമാറും ഇതേ ഹോട്ടലിൽ തന്നെയാണ് താമസിക്കുന്നതും.

ALSO READ- പിഞ്ചു കുഞ്ഞിന് ചുമക്കുള്ള മരുന്നിന് പകരം വേദനയ്ക്കുള്ള മരുന്ന് നല്‍കി, സംഭവം വണ്ടൂര്‍ താലൂക്കാശുപത്രിയില്‍, പരാതി

‘ഒരു മാറ്റത്തിനായി തെലങ്കാനയിലെ ജനങ്ങൾ തീരുമാനിച്ചെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. ഞാൻ വളരെ പോസിറ്റീവായ അവസ്ഥയിലാണ്. നല്ല ഭരണം കാഴ്ചവെക്കുന്ന ഒരു സർക്കാരിനെ ഞങ്ങൾ നൽകും. ബിആർഎസിലെ ആരൊക്കെ സംസാരിച്ചിട്ടുണ്ടെന്ന് ഞങ്ങളുടെ ചില സ്ഥാനാർഥികൾ ഞങ്ങളെ അറിയിച്ചിട്ടുണ്ട്’,-എന്നാണ് ഡികെ ശിവകുമാർ പറഞ്ഞത്.

Exit mobile version