കെസിആര്‍ കോട്ടയില്‍ ആധിപത്യം ഉറപ്പിച്ച് രേവന്ത് റെഡ്ഡി

ഹൈദരാബാദ്: നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും ബിജെപി വന്‍ നേട്ടമുണ്ടാക്കിയിരിക്കുകയാണ്. അതേസമയം, തെലങ്കാനയില്‍ കെ ചന്ദ്രശേഖര റാവുവിന്റെ ബിആര്‍എസിനെ ബഹുദൂരം പിന്നിലാക്കി കോണ്‍ഗ്രസ് അധികാരം ഉറപ്പിച്ചിരിക്കുകയാണ്.

70 സീറ്റെന്ന മികച്ച നിലയിലാണ് കോണ്‍ഗ്രസ്. ഹാട്രിക് പ്രതീക്ഷിച്ച് മല്‍സരത്തിനിറങ്ങിയ കെസിആറിന്റെ ബിആര്‍എസ് നിലവില്‍ 36 സീറ്റുകളിലേക്ക് ഒതുങ്ങി. അതേസമയം ബിജെപി തെലങ്കാനയില്‍ നേട്ടമുണ്ടാക്കിയിട്ടുണ്ട്. 7 സീറ്റുകളിലാണ് നിലവില്‍ മുന്നേറുന്നത്. ഹൈദരാബാദില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങിക്കഴിഞ്ഞു

കോണ്‍ഗ്രസ് തെലങ്കാന അധ്യക്ഷന്‍ രേവന്ത് റെഡ്ഡി വിജയമുറപ്പിച്ചു. ഹൈദരാബാദിലെ രേവന്ത് റെഡ്ഡിയുടെ വീടിനുമുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആഹ്ലാദ പ്രകടനം തുടങ്ങി. രേവന്ത് റെഡ്ഡിയുടെ വീടിന്റെ സുരക്ഷ വര്‍ധിപ്പിച്ചു. ബിആര്‍എസിന്റെ സിറ്റിങ്ങ് സീറ്റായ കോടങ്കലിലാണ് രേവന്ത് റെഡ്ഡി മുന്നിട്ടു നില്‍ക്കുന്നത്. ബിആര്‍എസിന്റെ പട്നം നരേന്ദര്‍ റെഡ്ഡി, ബിജെപിയുടെ ബന്തു രമേഷ് കുമാര്‍ എന്നിവരാണ് എതിരാളികള്‍. കഴിഞ്ഞ രണ്ടു തവണയും ബിആര്‍എസ് ജയിച്ച മണ്ഡലമാണിത്.

തെലങ്കാനയില്‍ 119 സീറ്റുകളിലേക്കുള്ള വോട്ടെണ്ണല്‍ ആണ് നടക്കുന്നത്. നിലവിലെ ട്രെന്‍ഡ് തുടര്‍ന്നാല്‍ സംസ്ഥാനത്ത് ആദ്യമായി കോണ്‍ഗ്രസ് അധികാരത്തിലെത്തി ചരിത്രം തിരുത്തിക്കുറിക്കും. 2014ല്‍ തെലങ്കാന രൂപീകൃതമായ ശേഷം ബിആര്‍എസ് മാത്രമാണ് ഇവിടെ അധികാരത്തിലേറിയിട്ടുള്ളത്

ഭരണവിരുദ്ധവികാരമാണ് ബിആര്‍എസിന് തിരിച്ചടിയാകുന്നതെന്നാണ് വിലയിരുത്തല്‍. കോണ്‍ഗ്രസിന് നേരിയ ഭൂരിപക്ഷത്തില്‍ വിജയിക്കാനാവുമെന്നാണ് എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചത്. 62 സീറ്റുകള്‍ കോണ്‍ഗ്രസ് നേടുമെന്നാണ് പ്രവചനം. കേവലഭൂരിപക്ഷത്തിന് 60 സീറ്റുകളാണ് വേണ്ടത്. ബിആര്‍എസ് 44 സീറ്റുകളിലൊതുങ്ങുമെന്നും എക്‌സിറ്റ് പോളുകള്‍ പറഞ്ഞിരുന്നു. 71.34% ആയിരുന്നു ഇത്തവണ പോളിംഗ് നിരക്ക്.

Exit mobile version