തമിഴ്‌നാട് സര്‍ക്കാരിന്റെ വാദം തള്ളി; തൂത്തുക്കുടി സ്റ്റെര്‍ലൈറ്റ് പ്ലാന്റിന് സുപ്രീംകോടതിയുടെ പച്ചക്കൊടി

പ്ലാന്റ് തുറക്കാനുള്ള ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവ് സ്റ്റേ ചെയ്യാന്‍ ആകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. തമിഴ്‌നാട് സര്‍ക്കാരിന്റെ വാദം കോടതി തള്ളുകയായിരുന്നു.

ന്യൂഡല്‍ഹി; പ്രതിഷേധത്തെ തുടര്‍ന്ന് അടച്ച് പൂട്ടിയ തൂത്തുക്കുടി സ്റ്റെര്‍ലൈറ്റ് പ്ലാന്റിന് സുപ്രീംകോടതിയുടേയും പച്ചക്കൊടി. പ്ലാന്റ് തുറക്കാനുള്ള ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവ് സ്റ്റേ ചെയ്യാന്‍ ആകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. തമിഴ്‌നാട് സര്‍ക്കാരിന്റെ വാദം കോടതി തള്ളുകയായിരുന്നു.

സ്റ്റെര്‍ലൈറ്റ് പ്ലാന്റ് തുറക്കാമെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍ നേരത്തേ ഉത്തരവിട്ടിരുന്നു. പോലീസ് വെടിവയ്പ്പില്‍ 13 പേരുടെ മരണത്തിന് വഴിവച്ച പ്രതിഷേധങ്ങള്‍ക്കൊടുവില്‍ മെയ് 23നാണ് വേദാന്ത ഗ്രൂപ്പിന്റെ സ്റ്റെര്‍ലൈറ്റ് പ്ലാന്റ് തമിഴ്‌നാട് സര്‍ക്കാര്‍ അടച്ച് പൂട്ടിയത്.

വേദാന്ത ഗ്രൂപ്പിന്റെ വാദം കേള്‍ക്കാതെ ഏകപക്ഷീയമായാണ് സര്‍ക്കാര്‍ നടപടിയെടുത്തതെന്നായിരുന്നു ട്രൈബ്യൂണല്‍ നിയോഗിച്ച തരുണ്‍ അഗര്‍വാള്‍ കമ്മീഷന്‍ വിലയിരുത്തല്‍. ഇപ്പോള്‍ സുപ്രീംകോടതിയുടെ സ്റ്റെര്‍ലൈറ്റ് പ്ലാന്റിന് പച്ചക്കൊടി കാട്ടിയിരിക്കുകയാണ്.

സ്റ്റെര്‍ലൈറ്റ് പ്ലാന്റ് കാരണം സമീപ പ്രദേശങ്ങളില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കു കാരണമാകുന്നുവെന്നു ചൂണ്ടിക്കാട്ടിയാണു തമിഴ്‌നാട് സര്‍ക്കാര്‍ പ്ലാന്റ് അടച്ച് പൂട്ടാന്‍ ഉത്തരവ് ഇട്ടിരുന്നത്.

ഗോവ, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവ തള്ളിയ വേദാന്തയുടെ ചെമ്പ് ശുദ്ധീകരണ പ്ലാന്റ് തമിഴ്നാട്ടില്‍ പ്രവര്‍ത്തനം തുടങ്ങിയത് 1996ല്‍ ആണ്. അക്കാലത്തുതന്നെ പ്ലാന്റ് പരിസരത്തെ ഭൂഗര്‍ഭജലം മലിനമാക്കുന്നു, പ്രദേശവാസികള്‍ക്കു കാന്‍സര്‍ ഉള്‍പ്പെടെയുള്ള മാരകരോഗമുണ്ടാക്കുന്നു എന്ന ആരോപണങ്ങളുമായി കുറേ പേര്‍ രംഗത്തെത്തി.

2013 മാര്‍ച്ചില്‍ പ്ലാന്റില്‍ നിന്ന് ഇന്ധനം ചോര്‍ന്നെന്ന വിവാദവും ഉണ്ടായി. പ്രദേശവാസികള്‍ക്കു ശ്വാസതടസ്സം, ദേഹത്ത് ചൊറിച്ചില്‍, അസ്വസ്ഥത എന്നിവ ഉണ്ടായതിനെ തുടര്‍ന്ന് പ്ലാന്റ് പൂട്ടാന്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ജയലളിത നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്ന് 2015 മേയില്‍ പ്ലാന്റ് വീണ്ടും തുറന്നു. പ്ലാന്റ് തുറന്നതു മുതല്‍ പ്രദേശത്തു പ്രതിഷേധം വീണ്ടും ആളികത്തുകയായിരുന്നു.

Exit mobile version