തൂത്തുകുടി: കള്ളംപൊളിച്ച് ദൃശ്യങ്ങൾ പുറത്ത്

ചെന്നൈ: തൂത്തുകുടിയിൽ രണ്ടുപേരെ പോലീസ് മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പോലീസ് വാദം തെറ്റെന്ന് തെളിയിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്. പോലീസിനെ ബെനിക്‌സ് മർദ്ദിച്ചെന്നായിരുന്നു എഫ്‌ഐആർ. എന്നാൽ, പോലീസിനോട് സംസാരിച്ച് ബെനിക്‌സ് മടങ്ങിവരുന്നതാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന സിസിടിവി ദൃശ്യങ്ങളിലുള്ളത്.

കടയ്ക്ക് മുന്നിൽ സംഘർഷമോ ജനക്കൂട്ടമോ ഉണ്ടായിരുന്നില്ലെന്നും ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. ബെനിക്‌സിന്റെ മൊബൈൽ കടയിൽ രാത്രി ഒമ്പതുമണിക്ക് വൻ ജനക്കൂട്ടം ആയിരുന്നെന്നും ഇത് ചോദ്യം ചെയ്ത പോലീസിനെ ആക്രമിച്ചുവെന്നുമാണ് എഫ്‌ഐആർ. കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചപ്പോൾ ബലം പ്രയോഗിച്ചുവെന്നും പരിക്കേറ്റെന്നുമാണ് വാദം. എന്നാൽ ഇത്തരത്തിലുള്ള ഒരു സൂചനയും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമല്ല. കടയ്ക്ക് മുന്നിൽ അക്രമം നടന്നിട്ടില്ലെന്ന് സമീപവാസികളും വെളിപ്പെടുത്തുന്നു. പോലീസ് ജീപ്പിന് അടുത്തെത്തി സംസാരിച്ച് കടയടക്കാൻ ബെനിക്‌സ് തിരിച്ചെത്തുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.

അതേസമയം വിവാദമായ സാത്താൻകുളം പോലീസ് സ്റ്റേഷന്റെ നിയന്ത്രണം റവന്യു ഉദ്യോഗസ്ഥർ ഏറ്റെടുക്കണമെന്ന് മദ്രാസ് ഹൈക്കോടതി നിർദേശിച്ചു. കോവിൽപ്പെട്ടി ജുഡീഷ്യൽ മജിസ്‌ട്രേറ്റുമായി പോലീസുദ്യോഗസ്ഥർ സഹകരിക്കാത്ത സാഹചര്യത്തിലാണ് പോലീസ് സ്റ്റേഷന്റെ നിയന്ത്രണം റവന്യൂ വകുപ്പിനോട് ഏറ്റെടുക്കാൻ ആവശ്യപ്പെട്ടത്. കസ്റ്റഡി കൊലപാതകവുമായി ബന്ധപ്പെട്ട തെളിവുകൾ പോലീസ് നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും അത് സംരക്ഷിക്കണമെന്നും കോടതി പറഞ്ഞു.

Exit mobile version