വാഹനാപകടത്തില്‍പ്പെട്ടയാളുടെ ജീവന്‍ രക്ഷകനായി: ജീവിതത്തിലും ഹീറോയായി മുഹമ്മദ് ഷമി

നൈനിറ്റാള്‍: ഇന്ത്യയുടെ ലോകകപ്പ് ഹീറോയാണ് മുഹമ്മദ് ഷമി. ജീവിതത്തിലും ഹീറോയായിരിക്കുകയാണ് താരം. വാഹനാപകടത്തില്‍പ്പെട്ടയാളുടെ രക്ഷകനായിരിക്കുകയാണ് ഷമി. ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം. ഗുരുതര സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ താനും കൂടെയുള്ളവരും ചേര്‍ന്ന് അപകടത്തില്‍പ്പെട്ടയാളെ രക്ഷിച്ചുവെന്ന് മുഹമ്മദ് ഷമി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു.

ശനിയാഴ്ച നൈനിറ്റാളില്‍ വെച്ചാണ് അപകടമുണ്ടായത്. തന്റെ മുന്നില്‍ ഓടിയിരുന്ന വാഹനം കുന്നിന്റെ സൈഡിലേക്ക് മറിയുകയായിരുന്നുവെന്ന് ഷമി പറഞ്ഞു. ദൈവം അയാള്‍ക്ക് രണ്ടാം ജന്മം നല്‍കിയെന്നാണ് ഷമി പറയുന്നത്.

യാത്രകള്‍ ഇഷ്ടപ്പെടുന്ന ആളാണ് താനെന്ന് മുഹമ്മദ് ഷമി മുമ്പൊരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. കാറിലും ബൈക്കിലും സഞ്ചരിക്കാന്‍ ഏറെ ഇഷ്ടമാണ്. എന്നാല്‍ ക്രിക്കറ്റ് താരമായ ശേഷം താന്‍ ബൈക്കില്‍ സഞ്ചരിക്കാറില്ല. ബൈക്കില്‍ നിന്ന് വീണ് പരിക്ക് പറ്റിയാല്‍ തനിക്ക് ക്രിക്കറ്റ് കളിക്കാന്‍ സാധിക്കില്ലെന്നും ഷമി പറഞ്ഞു.

ഏകദിന ലോകകപ്പിലും ഇന്ത്യയുടെ ഹീറോ ആയിരുന്നു മുഹമ്മദ് ഷമി. ഈ ലോകകപ്പില്‍ ഏഴ് മത്സരങ്ങളില്‍ നിന്നായി ഷമി വീഴ്ത്തിയത് 24 വിക്കറ്റുകളാണ്. ഇതുവരെ മൂന്ന് ലോകകപ്പുകള്‍ കളിച്ച ഷമി 18 മത്സരങ്ങളില്‍ നിന്ന് 55 വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു.

Exit mobile version