ഇന്ത്യയ്ക്ക് സ്വന്തം ബഹിരാകാശ കേന്ദ്രം: 2040ല്‍ ഇന്ത്യക്കാരന്‍ ചന്ദ്രനില്‍ ഇറങ്ങും; പ്രധാനമന്ത്രി

ന്യൂഡല്‍ഹി: 2040 ആകുമ്പോഴേയ്ക്കും ഇന്ത്യ ചന്ദ്രനിലേക്ക് മനുഷ്യനെ അയയ്ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. 2035 ആകുമ്പോഴേക്കും സ്വന്തം ബഹിരാകാശ കേന്ദ്രം സൃഷ്ടിക്കാന്‍ രാജ്യം തയ്യാറെടുക്കുകയാണ്.

ഇന്ത്യയുടെ ഗഗന്‍യാന്‍ പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനായി പ്രധാനന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന പ്രത്യേക യോഗത്തിലാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. ഇതിനായുള്ള നിര്‍ദേശങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ബഹിരാകാശ വകുപ്പിന് കൈമാറി.

2025 ആകുമ്പോഴേയ്ക്കും ആദ്യ ബഹിരാകാശ മനുഷ്യ ദൗത്യം നടത്തുകയാണ് ലക്ഷ്യമെന്ന് യോഗത്തില്‍ തീരുമാനമായി. ഇവയുടെ പരീക്ഷണ ദൗത്യം ഈ ശനിയാഴ്ച നടക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ രാവിലെ 7 മുതല്‍ 9 വരെയാണ് പരീക്ഷണം. മനുഷ്യ സംഘത്തെ 400 കിലോമീറ്റര്‍ ഉയരെ ഭ്രമണപഥത്തില്‍ എത്തിച്ച് സുരക്ഷിതമായി ഭൂമിയില്‍ തിരിച്ചെത്തിക്കുന്നതാണ് ഗഗന്‍യാന്‍ പദ്ധതി.

ചന്ദ്രയാന്‍ 2 ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയത് ഇന്ത്യയുടെ ആത്മവിശ്വാസം ഉയര്‍ത്തിയിരുന്നു. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ബഹിരാകാശ വാഹനം വിജയകരമായി ഇറക്കുകയെന്ന ശ്രമകരമായ ദൗത്യമായിരുന്നു അത്. ഇതിനു പിന്നാലെയാണ് പുതിയ പ്രഖ്യാപനം.

2035ഓടെ ‘ഭാരതീയ അന്തരീക്ഷ സ്റ്റേഷന്‍’ (ഇന്ത്യന്‍ ബഹിരാകാശ നിലയം) സ്ഥാപിക്കാനും 2040ഓടെ ചന്ദ്രനില്‍ ആദ്യ ഇന്ത്യക്കാരനെ എത്തിക്കാനുമുള്ള പുതിയ സ്വപ്നങ്ങളിലേക്ക് നാം യാത്ര തുടങ്ങണമെന്ന് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചതായി ബഹിരാകാശ വകുപ്പ് പ്രസ്താവനയില്‍ അറിയിച്ചു. പുതിയ ചാന്ദ്രദൗത്യം മുന്‍നിര്‍ത്തി ബഹിരാകാശ വകുപ്പ് മാര്‍ഗരേഖ തയ്യാറാക്കുമെന്നും പ്രസ്താവനയിലുണ്ട്. ശുക്രന്‍, ചൊവ്വ എന്നീ ഗ്രഹങ്ങള്‍ ലക്ഷ്യമിട്ടുള്ള ദൗത്യങ്ങള്‍ക്കായി ജോലി ആരംഭിക്കാനും പ്രധാനമന്ത്രി ശാസ്ത്രജ്ഞര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായാണ് വിവരം.

ചന്ദ്രയാന്‍ 2 വിജയത്തിനു ശേഷം ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രം (ഇസ്രൊ) സൗരദൗത്യത്തിലാണ്. ഇതിന്റെ ഭാഗമായി വിക്ഷേപിച്ച ആദിത്യ എല്‍1 പേടകം സൂര്യനെ ലക്ഷ്യമിട്ടുള്ള യാത്രയിലാണ്.

Exit mobile version