പലസ്തീന് ധനസഹായം തേടി പോസ്റ്റ്: യുപി പോലീസ് കോണ്‍സ്റ്റബിളിന് സസ്‌പെന്‍ഷന്‍

ലഖ്‌നോ: പലസ്തീന് ധനസഹായം തേടി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവച്ച യുപി പോലീസ് കോണ്‍സ്റ്റബിളിന് സസ്‌പെന്‍ഷന്‍. പലസ്തീനികളെ സഹായിക്കാന്‍ സംഭാവനകള്‍ ആവശ്യപ്പെട്ടുള്ള യുഎസ് ആസ്ഥാനമായുള്ള ഒരു ചാരിറ്റി സംഘടനയുടെ ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്ത് ദിവസങ്ങള്‍ക്ക് ശേഷമാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇയാള്‍ക്കെതിരെ വകുപ്പുതല അന്വേഷണവും തുടങ്ങി.

ബറേലി സ്വദേശിയായ സുഹൈല്‍ അന്‍സാരിയെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ജില്ലാ പോലീസിന്റെ ഡ്രോണ്‍ നിരീക്ഷണ സംഘത്തിലും അന്‍സാരി ഉണ്ടായിരുന്നു.

‘ഒരു റീപോസ്റ്റ് ഒരു യുഎസ് ഡോളറിന് തുല്യമാണ്’ എന്ന പോസ്റ്റ് കോണ്‍സ്റ്റബിള്‍ തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ ഷെയര്‍ ചെയ്തതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി.’ അദ്ദേഹത്തിനെതിരെ വകുപ്പുതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അത് സര്‍ക്കിള്‍ ഓഫീസര്‍ (സദര്‍) സന്ദീപ് സിംഗിനായിരിക്കും ചുമതല ”ലഖിംപൂര്‍ ഖേരി പോലീസ് സൂപ്രണ്ട് ഗണേഷ് സാഹ പറഞ്ഞു.

കഴിഞ്ഞയാഴ്ച ബറേലിയിലെ വാട്ട്സ്ആപ്പ് ഗ്രൂപ്പുകളില്‍ ഫേസ്ബുക്ക് പോസ്റ്റ് വൈറലായതിനെ തുടര്‍ന്ന് സിറ്റി പോലീസിനെ വിവരമറിയിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ലഖിംപൂര്‍ ഖേരി അഡീഷണല്‍ എസ്പി നയ്പാല്‍ സിങ്ങിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തെ തുടര്‍ന്നാണ് സസ്‌പെന്‍ഡ് ചെയ്തത്.

ഇസ്രായേല്‍-ഹമാസ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയ പോസ്റ്റ് ഇട്ടതിന് യുപി സര്‍ക്കാര്‍ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുന്നത് ആദ്യ സംഭവമാണ്.

ഇസ്രായേല്‍-ഹമാസ് യുദ്ധത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ കാഴ്ചപ്പാടുകള്‍ക്ക് വിരുദ്ധമായ ഒരു പ്രവര്‍ത്തനവും സംസ്ഥാനത്ത് അംഗീകരിക്കില്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരത്തെ വ്യക്തമാക്കിയിരുന്നു.

അതേസമയം, തന്റെ പ്രായപൂര്‍ത്തിയാകാത്ത മകന്‍ ഫോണ്‍ ഉപയോഗിക്കുന്നതിനിടെ അബദ്ധത്തില്‍ പോസ്റ്റ് പങ്കുവച്ചതാണെന്നായിരുന്നു അന്‍സാരിയുടെ വിശദീകരണം.

Exit mobile version