സഹകാരി ബാങ്ക് തട്ടിപ്പ്: മഹാരാഷ്ട്ര മുന്‍ എംഎല്‍എയുടെ 152 കോടിയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി

മുംബൈ: പനവേലിലെ കര്‍ണാല നഗരി സഹകാരി ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര മുന്‍ എംഎല്‍എയുടെ 152 കോടിയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി. മൂന്നു തവണ എംഎല്‍എയായ വിവേകാനന്ദ് പാട്ടീലിന്റെയും ബന്ധുക്കളുടെയും സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.

പനവേലിലെ കര്‍ണാല നഗരി സഹകാരി ബാങ്ക് ലിമിറ്റഡിന്റെ മുന്‍ ചെയര്‍മാനായിരുന്നു ഷെത്കാരി കംഗര്‍ പക്ഷ പാര്‍ട്ടിയില്‍പ്പെട്ട പാട്ടീല്‍. 2019-ല്‍ മുംബൈ പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം (ഇഒഡബ്ല്യു) രജിസ്റ്റര്‍ ചെയ്ത എഫ്ഐആറിന്റെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം ആരംഭിച്ചത്.

2019-20ല്‍ നടത്തിയ ഒരു ഓഡിറ്റിന് ശേഷമാണ്, 67 സാങ്കല്‍പിക വായ്പാ അക്കൗണ്ടുകളിലൂടെ പാട്ടീല്‍ സ്ഥാപനങ്ങളുടെ/സ്ഥാപനങ്ങളുടെ/ ലോണ്‍ അക്കൗണ്ടുകളിലേക്ക് ബാങ്കില്‍ നിന്ന് പണം തട്ടിയെടുക്കുന്നതെന്ന് വെളിപ്പെട്ടതോടെയാണ് തട്ടിപ്പ് പുറത്തായത്.

തന്റെ ഉടമസ്ഥതയിലുള്ള കര്‍ണാല ചാരിറ്റബിള്‍ ട്രസ്റ്റ്, കര്‍ണാല സ്പോര്‍ട്സ് അക്കാദമി, കര്‍ണാല മഹിളാ റെഡിമെയ്ഡ് ഗാര്‍മെന്റ്സ് കോഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ്, മറ്റ് സ്ഥാപനങ്ങള്‍ എന്നിവ മറയാക്കിയാണ് പണം തട്ടിയത്. 67 സാങ്കല്‍പിക വായ്പാ അക്കൗണ്ടുകളിലായി ഏകദേശം 560 കോടി രൂപയുടെ തട്ടിപ്പ് നടന്നതായി ഇഡിയുടെ കൂടുതല്‍ അന്വേഷണത്തില്‍ കണ്ടെത്തി. കര്‍ണാല ചാരിറ്റബിള്‍ ട്രസ്റ്റ്, കര്‍ണാല സ്‌പോര്‍ട്‌സ് അക്കാദമി തുടങ്ങിയവയാണ് ഫണ്ട് വിനിയോഗിച്ചത്.

സ്പോര്‍ട്സ് കോംപ്ലക്സുകള്‍, കോളേജുകള്‍, സ്‌കൂളുകള്‍ തുടങ്ങിയ സ്വത്തുക്കളുടെ നിര്‍മാണത്തിനും മറ്റ് വ്യക്തിഗത നേട്ടങ്ങള്‍ക്കുമായി വിനിയോഗിക്കുകയും അതുവഴി കുറ്റകൃത്യങ്ങളില്‍ നിന്ന് ലഭിക്കുന്ന വരുമാനം ഉപയോഗിക്കുകയും ചെയ്തതായും ഇഡി കണ്ടെത്തിയിരുന്നു.

2021 ജൂണ്‍ 15നാണ് ഇഡി പാട്ടീലിനെ അറസ്റ്റ് ചെയ്തത്. അദ്ദേഹം ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. പാട്ടീലിന്റെയും കുടുംബാംഗങ്ങളുടെയും 234 കോടി രൂപയുടെ സ്ഥാവര സ്വത്തുക്കള്‍ കണ്ടുകെട്ടി 2021 ആഗസ്ത് 17-ലെ പ്രൊവിഷണല്‍ അറ്റാച്ച്‌മെന്റ് ഉത്തരവും നേരത്തെ പുറപ്പെടുവിച്ചിരുന്നു.

Exit mobile version