യുഎഇ ബാങ്കുകളില്‍ നിന്ന് മലയാളികളുടെ 1200 കോടി രൂപയുടെ വായ്പ തട്ടിപ്പ്; പരാതിയുമായി ബാങ്ക് അധികൃതര്‍ കേരളത്തില്‍; സിബിഐ അന്വേഷണം ആവശ്യപ്പെടും

കേരളത്തിന് പുറത്ത് നിന്നുള്ളവരും കേസില്‍ അകപ്പെട്ടതിനാല്‍ സിബിഐ കേസ് അന്വേഷിക്കണമെന്നാണ് ബാങ്കുകളുടെ ആവശ്യം.

കൊച്ചി: യുഎഇയില്‍ ബാങ്കുകളില്‍ നിന്ന് മലയാളികളടക്കമുള്ള ഇന്ത്യക്കാര്‍ നടത്തിയ 1200 കോടി രൂപയുടെ വായ്പ തട്ടിപ്പില്‍ അന്വേഷണം ആവശ്യപ്പെട്ട് ബാങ്ക് അധികൃതര്‍ കേരളത്തിലെത്തി. 19 മലയാളികളാണ് വായ്പ തട്ടിപ്പില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇത് സംബന്ധിച്ച് പരാതിയുമായാണ് ബാങ്ക് അധികൃതര്‍ കേരളത്തിലേക്ക് എത്തിയിരിക്കുന്നത്. എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലാണ് നാഷണല്‍ ബാങ്ക് ഓഫ് റാസല്‍ഖൈമ അധികൃതര്‍ പരാതി നല്‍കിയത്. ഇവര്‍ക്ക് പുറമെ നാഷണല്‍ ബാങ്ക് ഓഫ് ഫുജൈറ, അറബ് ബാങ്ക് എന്നിവരും പരാതി നല്‍കിയിട്ടുണ്ട്.

46 കമ്പനികള്‍ക്കെതിരെയാണ് ഇത്തരത്തില്‍ പരാതി നല്‍കിയിരിക്കുന്നത്. കേരളത്തിന് പുറത്ത് നിന്നുള്ളവരും കേസില്‍ അകപ്പെട്ടതിനാല്‍ സിബിഐ കേസ് അന്വേഷിക്കണമെന്നാണ് ബാങ്കുകളുടെ ആവശ്യം.

ഈ മൂന്ന് ബാങ്കുകള്‍ക്കുമായി 1200 കോടിയിലേറെ രൂപയാണ് കിട്ടാക്കടമായുള്ളത്. 19 മലയാളികളാണ് തട്ടിപ്പ് കേസില്‍ ഉള്ളതെങ്കിലും അഞ്ഞൂറിലധികം ഇന്ത്യന്‍ പൗരന്‍മാര്‍ തട്ടിപ്പില്‍ പ്രതികളായി ഉണ്ടെന്നാണ് ബാങ്കുകള്‍ പറയുന്നത്.

ഇതിനിടെ റാസല്‍ഖൈമയില്‍ നിന്ന് 147 കോടി രൂപ വായ്പ എടുത്ത് മുങ്ങിയ കമ്പനി ഉടമകളോട് ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് ഹാജരാകാന്‍ കേരള ലീഗല്‍ സര്‍വ്വീസ് അതോറിറ്റി നിര്‍ദേശിച്ചിട്ടുണ്ട്.

Exit mobile version