ഇതരസംസ്ഥാന തൊഴിലാളികളികള്‍ക്കു നേരെ വ്യാപക ആക്രമണം; ഗുജറാത്തില്‍ നിന്നും പാലായനം ചെയ്തത് 25000ത്തിലധികം പേര്‍

സംഭവം വിവാദമായതോടെ എല്ലാവരും തിരിച്ചുവരണമെന്നാവശ്യപ്പെട്ട് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി രംഗത്തെത്തി

ഗാന്ധിനഗര്‍: ഇതരസംസ്ഥാന തൊഴിലാളികള്‍ക്കെതിരെയുള്ള ആക്രമണം വ്യാപകമായതോടെ ഗുജാറാത്തില്‍ നിന്നും പലായനം ചെയ്തവരുടെ എണ്ണം 25000ത്തിലധികമായി. സംഭവം വിവാദമായതോടെ എല്ലാവരും തിരിച്ചുവരണമെന്നാവശ്യപ്പെട്ട് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി രംഗത്തെത്തി.

പ്രശ്‌ന ബാധിത മേഖലകളില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് സംരക്ഷണം നല്‍കാന്‍ കൂടുതല്‍ പോലീസിനെ വിന്യസിക്കുമെന്നും രൂപാനി പറഞ്ഞു. കഴിഞ്ഞ മാസം 28ന് സബര്‍കാന്ത ജില്ലയില്‍ 14 മാസം പ്രായമുള്ള പെണ്‍കുട്ടിയെ ബിഹാര്‍ തൊഴിലാളി പീഡിപ്പിച്ചതിനെ തുടര്‍ന്നാണ് ഇതരസംസ്ഥാനക്കാര്‍ക്കെതിരെ അക്രമം തുടങ്ങിയത്. സംഭവവുമായി ബന്ധപ്പെട്ട് 1431 പേര്‍ അറസ്റ്റിലായി. സാമൂഹ്യമാധ്യമങ്ങള്‍ വഴി വന്‍തോതില്‍ വിദ്വേഷ വീഡിയോകള്‍ പ്രചരിപ്പിച്ചു. ഇതോടെ കുട്ടികള്‍ക്ക് നേരെ വരെ ആക്രമണമുണ്ടായി. അഹമ്മദാബാദ്, സബര്‍കാന്ത, പടാന്‍, മെഹ്‌സ ന ജില്ലകളിലാണ് വന്‍തോതില്‍ ആക്രമണം നടന്നത്.

അതേ സമയം ആക്രമണങ്ങളെ അപലപിച്ച് ബിഹാര്‍ മുഖ്യമന്ത്രി നീതീഷ് കുമാറും രംഗത്തെത്തി. ഒറ്റപ്പെട്ട സംഭവത്തിന്റെ പേരില്‍ മുഴുവന്‍ ബിഹാറികളെയും കുറ്റക്കാരാക്കി അടിച്ചോടിക്കുന്നത് ശരിയല്ലെന്ന് നിതീഷ് പറഞ്ഞു. സംഭവത്തിലുള്ള ആശങ്ക ബിഹാര്‍ ഗുജറാത്ത് സര്‍ക്കാരിനെ അറിയിച്ചു.

Exit mobile version