ഇനി അപകടമുണ്ടാക്കി മുങ്ങിയാല്‍ പിടി വീഴും! ഡ്രൈവിംഗ് ലൈസന്‍സ് ആധാറുമായി ബന്ധിപ്പിക്കാന്‍ തീരുമാനം

ഡ്രൈവിംഗ് ലൈസന്‍സ് ആധാറുമായി ബന്ധിപ്പിക്കാന്‍ നിയമം നടപ്പാക്കാനൊരുങ്ങി കേന്ദ്രം. കേന്ദ്ര നിയമ മന്ത്രി രവി ശങ്കര്‍ പ്രസാദാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ന്യൂഡല്‍ഹി; ഇനി അപകടം ഉണ്ടാക്കി മുങ്ങിയാല്‍ ഡ്രൈവര്‍മാര്‍ കുടുങ്ങും. ഡ്രൈവിംഗ് ലൈസന്‍സ് ആധാറുമായി ബന്ധിപ്പിക്കാന്‍ നിയമം നടപ്പാക്കാനൊരുങ്ങി കേന്ദ്രം. കേന്ദ്ര നിയമ മന്ത്രി രവി ശങ്കര്‍ പ്രസാദാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പുതിയ നിയമം നടപ്പിലായാല്‍ വ്യാജലൈസന്‍സ് സംഘടിപ്പിച്ച് നിയമത്തെ കബളിപ്പിച്ചാലും ആധാറിലെ ബയോമെട്രിക് വിവരങ്ങള്‍ ലൈസന്‍സ് ഉടമയെ കുടുക്കും. വാഹനാപകടം ഉണ്ടാക്കിയ ശേഷം വ്യാജ ലൈസന്‍സ് അടക്കമുള്ളവ സംഘടിപ്പിച്ച് നിയമ നടപടികളില്‍ നിന്ന് രക്ഷപ്പെടുന്ന സംഭവങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് ഡ്രൈവിംഗ് ലൈസന്‍സ് ആധാറുമായി ബന്ധിപ്പിക്കാന്‍ തീരുമാനമായത്.

കള്ളപ്പേരില്‍ പുതിയ ലൈസന്‍സ് സംഘടിപ്പിച്ചാലും കണ്ണ്, വിരലടയാളം പോലുള്ള ബയോമെട്രിക് വിവരങ്ങള്‍ ആധാറിലുള്ളതിനാല്‍ യഥാര്‍ത്ഥ പ്രതി കുടുങ്ങുമെന്നുറപ്പ്. പുതിയ സംവിധാനം നിലവില്‍ വന്നാല്‍ വേറെ ലൈസന്‍സിനായി അപേക്ഷിക്കുമ്പോള്‍ നേരത്തെ ലൈസന്‍സ് ഉണ്ടെന്ന വിവരം കൃത്യമായി അറിയാന്‍ സാധിക്കുകയും ചെയ്യും.

അതേസമയം, ഇന്ത്യയൊട്ടാകെ ഏകീകൃത ലൈസന്‍സ് കൊണ്ടുവരുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച സാരഥി പദ്ധതിയും അന്തിമഘട്ടത്തിലാണ്. ഓണ്‍ലൈന്‍ ലൈസന്‍സ് നടപടികളിലെ ക്രമക്കേടുകള്‍ തടയാനും സുരക്ഷ ഉറപ്പാക്കി മികച്ച സേവനം ലഭ്യമാക്കാനും ലക്ഷ്യമിട്ടാണ് ഏകീകൃത വെബ് അധിഷ്ടിത സോഫ്‌റ്റ്വേറായ ‘സാരഥി’ തയ്യാറാക്കിയത്. ‘സാരഥി’ വഴി നല്‍കുന്ന ഡ്രൈവിംഗ് ലൈസന്‍സുകള്‍ക്ക് കേന്ദ്രീകൃത നമ്പര്‍ സംവിധാനം ഉണ്ടാകും. ഇവ രാജ്യത്തെ എല്ലാ മോട്ടോര്‍ വാഹന വകുപ്പ് ഓഫീസുകളിലും ലഭ്യമാകും. ഇതോടെ വ്യാജ ലൈസന്‍സ് ഉപയോഗിച്ചുള്ള വാഹനം ഓടിക്കുന്നവര്‍ക്ക് മുട്ടന്‍പണിയാണ് കിട്ടിയിരിക്കുന്നത്.

Exit mobile version