ആലുവ നഗരം ചുറ്റാൻ വയ്യ, സ്റ്റാന്റ് പിടിക്കാൻ കുറുക്കുവഴി; സ്വകാര്യ ബസ് കുടുങ്ങി, ഡ്രൈവറുടെ ലൈസൻസ് തെറിക്കും

കൊച്ചി: ആലുവ നഗരം ചുറ്റാനുള്ള മടിക്ക് കുറുക്കുവഴി പിടിച്ച സ്വകാര്യ ബസ് ഡ്രൈവർക്ക് നഷ്ടമാകുന്നത് ലൈസൻസ്. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ് സംഭവം നടന്നത്. കാറുകൾക്കും ബൈക്കുകൾക്കും മാത്രം കടന്നു പോകാൻ സാധിക്കുന്ന ചെറിയ റോഡിലൂടെയാണ് നഗരം ചുറ്റാതിരിക്കാൻ ബസ് കടന്നുപോകാൻ ശ്രമം നടത്തിയത്. എന്നാൽ, ബസ് വഴിയോരത്ത് വെച്ച് കുടുങ്ങി. ഇതോടെ വൻ തോതിൽ ഗതാഗത തടസം നേരിട്ടു.

പിന്നാലെയാണ് ഡ്രൈവർക്കെതിരെ നടപടി സ്വീകരിച്ചത്.ആലുവ ഫയര്‍‌സ്റ്റേഷന് മുന്നിൽ മാർക്കറ്റിനുള്ളിലൂടെയാണ് ചെറുവഴിയുള്ളത്. വീതി കുറഞ്ഞതും കുത്തനെയുള്ള കയറ്റമുള്ളതുമായ ഈ റോഡിലൂടെ ബസ് കയറിയതും ബസിന്റെ അടിഭാഗം നിലത്തിടിച്ച് മുന്നിലേക്ക് പോകാൻ കഴിയാതെ വരികയായിരുന്നു. ഇതോടെ ബസിലുണ്ടായിരുന്ന യാത്രക്കാരെ മുഴുവൻ റോഡിൽ ഇറക്കി നിർത്തുകയായിരുന്നു.

കയറ്റം കയറിയ ശേഷമാണ് യാത്രക്കാരെ തിരിച്ച് കയറ്റി യാത്ര തുടർന്നത്. അനധികൃതമായി ബസ് കയറ്റിയതിനും ഗതാഗത തടസ്സം സൃഷ്ടിച്ചതിനും ആലുവ മോട്ടോർ വാഹനവകുപ്പ് അധികൃതർ ബസ് ഡ്രൈവറിന്റെ ലൈസൻസ് പിടിച്ചെടുത്തിരുന്നു. പെർമിറ്റ് വ്യവസ്ഥകൾ ലംഘിച്ചതിനും യാത്രക്കാർക്ക് അപകടമുണ്ടാകാവുന്ന വിധത്തിൽ വാഹനം ഓടിച്ചതിനുമാണ് ലൈസൻസ് റദ്ദാക്കുന്ന നടപടികളിലേയ്ക്ക് നീങ്ങുന്നത്.

Exit mobile version