വളരെ മോശം; എആർ റഹ്‌മാൻ ഷോ കാണാൻ പതിനായിരങ്ങൾ മുടക്കിയവർക്ക് വേദിയിലെത്താൻ പോലുമായില്ല; തിരക്കിൽ സ്ത്രീകൾക്ക് നേരെ അതിക്രമവും; അസ്വസ്ഥനെന്ന് റഹ്‌മാൻ

ചെന്നൈ: ചെന്നൈയിൽ നടന്ന സംഗീത സംവിധായകൻ എആർ റഹ്‌മാന്റെ സംഗീത പരിപാടി ആസ്വദിക്കാൻ പതിനായിരങ്ങൾ മുടക്കി ടിക്കറ്റെടുത്തവർക്ക് കിട്ടിയത് എട്ടിന്റെ പണി. എആർ റഹ്‌മാൻ ഷോയ്ക്ക് എത്തിയ ആളുകൾക്ക് വേദിയുടെ ഏഴയലത്ത് പോലും തിരക്ക് കാരണം എത്തായാനായില്ല. മോശം സംഘാടനത്തെ തുടർന്ന് സോഷ്യൽമീഡിയയിലടക്കം ആരാധകരുടെ രോഷം കത്തുകയാണ്.

വിമർസനങ്ങൾ രൂക്ഷമായതോടെ ചെന്നൈ മക്കളോട് ഖേദം പ്രകടിപ്പിച്ച് എആർ റഹ്‌മാൻ രംഗത്തെത്തി. താൻ വളരെ അസ്വസ്ഥനാണെന്നും കുട്ടികളുടേയും സ്ത്രീകളുടെയും സുരക്ഷയെ ചൊല്ലി ഉയർന്ന് ആക്ഷേപം മനസിലാക്കുന്നുവെന്നും റഹ്‌മാൻ പ്രതികരിച്ചു. ‘ഇപ്പോൾ, ഞങ്ങൾ വളരെ അസ്വസ്ഥരാണ്. പ്രത്യേകിച്ച് സ്ത്രീകളും കുട്ടികളും ഉള്ളതിനാൽ സുരക്ഷയായിരുന്നു പ്രധാന പ്രശ്‌നം. ആരുടെയും നേരെ വിരൽ ചൂണ്ടാൻ ഞാൻ ആഗ്രഹിക്കുന്നില്ല.’ എന്നാണ് റഹ്‌മാൻ പ്രതികരിച്ചത്.

ഷോയിൽ പങ്കെടുക്കാനാകാതെ മടങ്ങിയ സംഗീതാസ്വാദകർ ടിക്കറ്റിന്റെ കോപ്പിയുമായി ബന്ധപ്പെട്ടാൽ ഉടനെ പരിഹാരം കണ്ടെത്താമെന്നും നിങ്ങൾക്കായി സർപ്രൈസ് കാത്തിരിക്കുന്നുണ്ട് എന്നും റഹ്‌മാൻ ട്വീറ്റിലൂടെ അറിയിച്ചു.

ചെന്നൈ ആദിത്യരാം പാലസിൽ ഞായറാഴ്ച സംഘടിപ്പിച്ച സംഗീത പരിപാടിയെ ചൊല്ലിയാണ് വിമർശനം ഉയർന്നത്. സംഗീതാസ്വാദകർ ഇക്കാര്യത്തിൽ റഹ്‌മാന്റെ പ്രതികരണം ആവശ്യപ്പെട്ടിരുന്നു.’മറക്കുമാ നെഞ്ചം’ എന്ന പേരിലാണ് എആർ റഹ്‌മാൻ ഷോ സംഘടിപ്പിക്കപ്പെട്ടത്. നേരത്തെ തന്നെ ടിക്കറ്റുകളെല്ലാം വിറ്റുപോയിരുന്നു. എന്നാൽ, പരിപാടിയുടെ മോശം സംഘാടനം കാരണം ആരാധകർ വലയുകയായിരുന്നു.

അമ്പതിനായിരത്തോളം പേരാണ് മറക്കുമാ നെഞ്ചം സംഗീത പരിപാടി ആസ്വദിക്കാൻ പാലസിലെത്തിയത്. ഇത്രയും പേരെ നിയന്ത്രിക്കാനുള്ള സംവിധാനം ഇവിടെ ഉണ്ടായിരുന്നില്ല. രൂക്ഷമായ തിരക്കിൽപ്പെട്ട് സ്ത്രീകളും കുട്ടികളുമുൾപ്പെടെ വലഞ്ഞു.

കുട്ടികൾ രക്ഷിതാക്കളുടെ കൈവിട്ടുപോവുന്നതും സ്ത്രീകൾക്ക് നേരെ അതിക്രമം നടക്കുന്ന അവസ്ഥവരെയെത്തി കാര്യങ്ങൾ. വൻതുക കൊടുത്ത് ടിക്കറ്റ് ബുക്ക് ചെയ്ത് സംഗീതനിശയ്‌ക്കെത്തിയവർക്ക് പരിപാടി നടക്കുന്നിടത്തേക്ക് അടുക്കാൻപോലുമായില്ല. ഇതോടെവിമർശനങ്ങളുന്നയിച്ച് നിരാശരായി ആസ്വാദകർ മടങ്ങുകയായിരുന്നു.

നേരത്തെ, ആഗസ്റ്റ് 12-നായിരുന്നു നേരത്തേ മറക്കുമാ നെഞ്ചം നടത്താനിരുന്നത്. ശക്തമായ മഴയേത്തുടർന്നാണ് പരിപാടി ഞായറാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. എസിടിസി ഇവന്റ്‌സാണ് പരിപാടിയുടെ സംഘാടകർ.

പാലസിൽ ഉൾക്കൊള്ളാവുന്നതിലും അധികം ടിക്കറ്റുകൾ വിറ്റതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങൾക്ക് കാരണമെന്നാണ് ആരാധകർ ആരോപിക്കുന്നത്. അടുത്തതവണ ഇത്തരം പരിപാടികൾ നേരാംവണ്ണം നടത്തണമെന്ന് സംഗീതനിശയ്‌ക്കൊടുവിൽ ആദിത്യരാം മേധാവി സംഘാടകരോട് അഭ്യർത്ഥിക്കുകയും ചെയ്തു.

പതിനായിരവും അയ്യായിരവും ഈടാക്കി സംഗീതനിശയെന്ന പേരിൽ വലിയ കൊള്ളയാണ് സംഘാടകർ നടത്തിയതെന്നാണ് പലരും വിമർശിക്കുനന്ത്. വാങ്ങിയ പണത്തിന് അനുസരിച്ച് സൗകര്യമോ അവർക്ക് പരിപാടിയിലേക്ക് എൻട്രിയോ ലഭിച്ചില്ല. സംഘാടനപ്പിഴവ് മുൻനിർത്തി ആരാധകരോട് എആർ റഹ്‌മാൻ മാപ്പുപറയണമെന്നും ആവശ്യമുയർന്നിരുന്നു.

Exit mobile version