14കാരനായ മകനെ സംഘം ചേര്‍ന്ന് മര്‍ദിക്കുന്നത് തടയാന്‍ ശ്രമിച്ചു, ഇഷ്ടിക കൊണ്ട് അടിയേറ്റ് പിതാവിന് ദാരുണാന്ത്യം, സംഭവം ജി20 ഉച്ചകോടിക്കായി രാജ്യതലസ്ഥാനത്ത് സുരക്ഷ ശക്തമാക്കിയതിന് പിന്നാലെ

ന്യൂഡല്‍ഹി: 14കാരനായ മകനെ സംഘം ചേര്‍ന്ന് മര്‍ദിക്കുന്നത് തടയാന്‍ ശ്രമിച്ച പിതാവിനെ ഇഷ്ടിക കൊണ്ട് അടിച്ചുകൊന്നു. ഡല്‍ഹി ഓഖ്‌ല ഫേസ് രണ്ടിലെ സഞ്ജയ് കോളനിയിലാണ് സംഭവം. ചുമട്ടുതൊഴിലാളിയായ മുഹമ്മദ് ഹനീഫായാണ് കൊല്ലപ്പെട്ടത്.

വെള്ളിയാഴ്ച രാത്രി 11:00 ഓടെയാണ് സംഭവം. ജി20 ഉച്ചകോടിയുടെ പശ്ചാത്തലത്തില്‍ രാജ്യതലസ്ഥാനത്ത് സുരക്ഷ ശക്തമാക്കിയതിന് പിന്നാലെയാണ് കൊലപാതകം. സംഘര്‍ഷത്തില്‍ ഹനീഫയുടെ പ്രായപൂര്‍ത്തിയാകാത്ത രണ്ട് ആണ്‍മക്കള്‍ക്കും പരിക്കേറ്റിട്ടുണ്ട്.

also read: ചായക്കടയില്‍ നിന്ന് വെള്ളിത്തിരയിലേക്ക്! അതിഥി തൊഴിലാളി ചന്തു നായകിന് മലയാള സിനിമയില്‍ അഭിനയിക്കാന്‍ അവസരം

ഹനീഫയുടെ മകന്‍ റോഡ് അരികില്‍ വച്ചിരുന്ന സൈക്കിള്‍ എടുക്കാന്‍ പുറത്തേക്ക് പോയിരുന്നു. ഒരു സംഘം ആണ്‍കുട്ടികള്‍ സൈക്കിളിന് പുറത്തും ചിലര്‍ നിലത്തും ഇരിക്കുന്നത് കുട്ടി ശ്രദ്ധിച്ചു. വഴിയില്‍ നിന്ന് മാറാന്‍ 14 കാരന്‍ ആവശ്യപ്പെട്ടെങ്കിലും സംഘം തയ്യാറായില്ല.

ഇത് വാക്കുതര്‍ക്കത്തിലേക്കും പിന്നീട് സംഘര്‍ഷത്തിലേക്കും വഴിവച്ചു. ബഹളം കേട്ട് പുറത്തേക്ക് ഓടിയെത്തിയ ഹനീഫ അക്രമം തടയാന്‍ ശ്രമിക്കുന്നതിനിടെ സംഘം ഹനീഫക്ക് നേരെ തിരിയുകയും ഇഷ്ടികകൊണ്ട് മര്‍ദിക്കുകയുമായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഇയാളെ എയിംസ് ട്രോമ സെന്ററില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Exit mobile version