ജി 20 ഉച്ചകോടി: അതിഥികള്‍ക്ക് ഭക്ഷണം നല്‍കാന്‍ സ്വര്‍ണത്തളികകളും വെള്ളിപ്പാത്രങ്ങളും

ന്യൂഡല്‍ഹി: ജി 20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാനൊരുങ്ങിയിരിക്കുകയാണ് ഇന്ത്യ. സെപ്റ്റംബര്‍ 9-10 തിയതികളിലാണ് ജി 20 ഉച്ചകോടി നടക്കുന്നത്. ലോക രാഷ്ട്രത്തലവന്മാരും വിശിഷ്ടാതിഥികളുമായി നിരവധി വിവിഐപികളാകും ഡല്‍ഹിയില്‍ എത്തുന്നത്.

ക്ഷണം സ്വീകരിച്ചെത്തുന്ന വിശിഷ്ടാതിഥികള്‍ക്കായി ഹോട്ടലുകളില്‍ അത്യാഡംബര സൗകര്യങ്ങളാണ് ഒരുങ്ങുന്നത്. ഇപ്പോഴിതാ, അതിഥികള്‍ക്ക് ഭക്ഷണം കഴിക്കാനായി തയാറാക്കിയിരിക്കുന്ന പാത്രങ്ങളാണ് ചര്‍ച്ചയായിരിക്കുന്നത്.

സ്വര്‍ണത്തളികകളും വെള്ളിപ്പാത്രങ്ങളും ഗ്ലാസുകളുമാണ് അതിഥികള്‍ക്കു ഭക്ഷണം കഴിക്കാനായി ഹോട്ടലുകളില്‍ തയാറാക്കിയിരിക്കുന്നത്. രാജസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐറിസ് ജെയ്പൂരാണ് ആഡംബര പാത്രങ്ങള്‍ ഹോട്ടലുകളിലേയ്‌ക്കെത്തിക്കുന്നത്.

പുരാതന കാലത്തെ രാജാക്കന്മാരുടെ തീന്മേശകളില്‍ ഉണ്ടായിരുന്നതിന് സമാനമായ പാത്രങ്ങള്‍ എത്തിക്കുന്നതിലൂടെ പഴയ പ്രൗഢിയും പ്രതാപവും വീണ്ടും ഇതുവഴി ഓര്‍മിപ്പിക്കുകയാണ് ലക്ഷ്യം.

പാത്രങ്ങളില്‍ ഇന്ത്യയുടെ വൈവിധ്യമാര്‍ന്ന സാംസ്‌കാരിക മുദ്രകള്‍ പ്രതിഫലിപ്പിക്കുന്നുണ്ട്. രാജ്യത്തിന്റെ കരകൗശലത്തിന്റെ സാധ്യതകളെ പരിഗണിക്കാനും ഇതിലൂടെ സാധ്യമാകുമെന്നാണ് പ്രതീക്ഷ. പാത്ര നിര്‍മാണത്തിന് ശേഷം ഇവ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ലബോറട്ടറിയില്‍ പരിശോധനയ്ക്ക് അയയ്ക്കും. പിന്നീടാകും ഹോട്ടലുകളിലേക്ക് എത്തിക്കുക. ഹോട്ടലുകളുടെ ആവശ്യപ്രകാരമാണ് പാത്രമെത്തിക്കുക.

ജി20 ഉച്ചകോടിക്കായി പ്രത്യേകം രൂപകല്പന ചെയ്യുന്ന പാത്രങ്ങളാണിവ. ഇരുന്നൂറോളം കരകൗശല വിദഗ്ധരാണ് ആഡംബര പാത്രങ്ങളുടെ നിര്‍മാണത്തിന്റെ ഭാഗമാകുന്നത്. ജെയ്പൂര്‍, പശ്ചിമ ബംഗാള്‍, ഉത്തര്‍ പ്രദേശ്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നെല്ലാം തിരഞ്ഞെടുക്കപ്പെട്ടവരാണ് കൂട്ടത്തിലുള്ളത്.

15,000 പാത്രങ്ങള്‍ ഇതിനകം തയാറായിക്കഴിഞ്ഞതായും രാജീവ് പാബുവാള്‍ അറിയിച്ചു. ഐ.ടി.സി താജ് ഉള്‍പ്പെടെ 11 അത്യാഡംബര ഹോട്ടലുകളിലാണ് ജി20ക്ക് എത്തുന്നവരുടെ താമസവും ഭക്ഷണവുമെല്ലാം ഒരുക്കുന്നത്. വിദേശ അതിഥികള്‍ക്കുമുന്നില്‍ ഇന്ത്യന്‍ രുചിഭേദങ്ങളും അവതരിപ്പിക്കും.

Exit mobile version