ജി20 ഉച്ചകോടിയ്ക്കായി പ്രധാനമന്ത്രി റോമിലെത്തി : മാര്‍പ്പാപ്പയുമായി കൂടിക്കാഴ്ച നടത്തും

ന്യൂഡല്‍ഹി : പതിനാറാമത് ജി20 ഉച്ചകോടിയ്ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോഡി റോമിലെത്തി. ഒക്ടോബര്‍ 30,31 തീയതികളിലാണ് ഉച്ചകോടി നടക്കുന്നത്. ഇറ്റാലിയന്‍ പ്രധാനമന്ത്രി മരിയോ ഡ്രഗിയുടെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് മോഡിയുടെ സന്ദര്‍ശനം. ഡ്രഗിയുമായി കൂടിക്കാഴ്ച നടത്തുന്ന മോഡി വത്തിക്കാനിലെത്തി മാര്‍പ്പാപ്പയെയും കാണും.

വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ ഇറ്റലിയിലെ ഇന്ത്യന്‍ അംബാസിഡറും ഇറ്റാലിയന്‍ മന്ത്രിസഭയിലെ പ്രമുഖരും ചേര്‍ന്ന് സ്വീകരിച്ചതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. കോവിഡ് പകര്‍ച്ചവ്യാധിക്ക് ശേഷം ഇതാദ്യമായാണ് ജി20 നേതാക്കള്‍ ഉച്ചകോടിയ്ക്കായി പരസ്പരം ഒത്തുകൂടുന്നത്. ലോകം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയും കാലാവസ്ഥാ വ്യതിയാനവും സമ്മേളനത്തില്‍ പ്രധാന ചര്‍ച്ചയാകും. സാമ്പത്തിക പുരോഗതിക്ക് വേണ്ടിയുള്ള നിര്‍ദേശങ്ങളും പ്രധാനമന്ത്രി പങ്ക് വയ്ക്കും.

നാളെ വത്തിക്കാനിലെത്തുന്ന പ്രധാനമന്ത്രി ഉച്ചയ്ക്ക് ഒരു മണിയോടെ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുമായി കൂടിക്കാഴ്ച നടത്തുനെന്നാണ് വിവരം. 12 വര്‍ഷത്തിന് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി റോമിലെത്തുന്നത്. ഇന്ത്യന്‍ പ്രധാനമന്ത്രിയായ ശേഷമുള്ള മോഡിയുടെ ആദ്യ ഇറ്റലി സന്ദര്‍ശനം കൂടിയാണിത്.

ഇറ്റലിയിലെ സമ്മേളനത്തിന് ശേഷം നവംബര്‍ 1, 2 തീയതികളില്‍ പ്രധാനമന്ത്രി യുകെ സന്ദര്‍ശനവും നടത്തും. യുകെയിലെ ഗ്ലാസ് ഗോയില്‍ നടക്കുന്ന കോപ്പ് 26 സമ്മേളനത്തില്‍ പങ്കെടുക്കുകയാണ് ഉദ്ദേശം.

Exit mobile version