അഭിമാന നിമിഷം: ജി-20 അധ്യക്ഷ പദവി ഔദ്യോഗികമായി ഏറ്റെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി

ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് ലഭിച്ച ജി-20 കൂട്ടായ്മയുടെ അധ്യക്ഷ പദവി ഔദ്യോഗികമായി ഏറ്റെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഇന്‍ഡോനീഷ്യയിലെ ബാലിയില്‍ നടക്കുന്ന ഉച്ചകോടിയിലാണ് നരേന്ദ്ര മോഡി പദവി ഏറ്റെടുത്തത്. പദവി ഏറ്റെടുക്കല്‍ ഇന്ത്യക്കാരുടെ അഭിമാനം ഉയര്‍ത്തുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

അടുത്ത ജി-20 ഉച്ചകോടിയുടെ യോഗങ്ങള്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലും നഗരങ്ങളിലുമായി നടത്തും. ജി-20യെ ആഗോളമാറ്റത്തിന്റെ ചാലകശക്തിയാക്കി മാറ്റുമെന്നും മോഡി പറഞ്ഞു.

ഇന്ത്യയുടെ അധ്യക്ഷപദവി എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും പ്രവൃത്തിയില്‍ അധിഷ്ടിതമായതും നിശ്ചയദാര്‍ഢ്യത്തോടെയുള്ളതുമായിരിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. കൂട്ടായ മാറ്റത്തിന് ഊര്‍ജ്ജം പ്രകരാന്‍ മൂലശക്തിയായി ജി-20യെ മാറ്റുക എന്നതായിരിക്കും അടുത്ത ഒരു വര്‍ഷം കൂട്ടായ്മയുടെ ലക്ഷ്യമെന്നും അദ്ദേഹം അവകാശപ്പെട്ടു. ‘ഡാറ്റ, വികസനത്തിന്’ എന്നതായിരിക്കും ഇന്ത്യ അധ്യക്ഷത വഹിക്കുന്ന കൂട്ടായ്മയുടെ പ്രധാന പ്രമേയങ്ങളിലൊന്ന് എന്ന് നേരത്തെ അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Read Also: ആ മോതിരം തിരിച്ചുതരണേ…അച്ഛന്റെ ഓര്‍മ്മയാണ്: വാഹനാപകടത്തില്‍ മരിച്ചയാളുടെ മോതിരം മോഷ്ടിച്ചവരോട് മകന്റെ അപേക്ഷ

ഡിജിറ്റല്‍ സാങ്കേതിക പരിണാമമാണ് ഈ യുഗത്തിന്റെ പ്രധാനമാറ്റം. ദശാബ്ദങ്ങളായി നിലനില്‍ക്കുന്ന ദാരിദ്ര്യത്തിനെതിരെയുള്ള പോരാട്ടത്തിന്റെ ശക്തി വര്‍ധിപ്പിക്കാന്‍ ഡിജിറ്റല്‍ ടെക്നോളജികളെ ഉപയോഗിക്കാം. സാങ്കേതിക മാറ്റം ഒരു ചെറിയകൂട്ടം ആളുകളിലേക്ക് ഒതുക്കിനിര്‍ത്താന്‍ പാടില്ല. എല്ലാവര്‍ക്കും പ്രാപ്യമാകുമ്പോള്‍ മാത്രമാണ് മാറ്റങ്ങളുടെ യഥാര്‍ഥ ലക്ഷ്യങ്ങളിലേക്ക് എത്തുകയെന്നും അദ്ദേഹം ഉച്ചകോടിയില്‍ പറഞ്ഞു.

ഡിസംബര്‍ ഒന്നുമുതല്‍ ഒരുവര്‍ഷത്തേക്കാണ് ഇന്ത്യയ്ക്ക് ജി-20 അധ്യക്ഷപദവി. ഇതിന് മുന്നോടിയായി നേരത്തെ ലോഗോയും പ്രമേയവും വെബ്സൈറ്റും പുറത്തിറക്കിയിരുന്നു. ജി-20 അധ്യക്ഷപദവി ഇന്ത്യയ്ക്ക് കേവലം നയതന്ത്രപദവിയല്ലെന്നും രാജ്യത്തെക്കുറിച്ച് ലോകവിശ്വാസത്തിന്റെ അളവുകോലും പുതിയ ഉത്തരവാദിത്വമാണെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.

Exit mobile version