തമിഴ്‌നാടിന് വേണ്ടി റെയിൽവേ ട്രാക്കിൽ തലവെച്ചയാളുടെ ചെറുമകനാണ് താൻ; ആരേയും ഭയക്കുന്നില്ല; തല വെട്ടുന്നവർക്ക് 10 കോടി പ്രഖ്യാപിച്ചവരോട് ഉദയനിധി

ചെന്നൈ: സനാതനധർമം ഉന്മൂലനം ചെയ്യണമെന്ന പരാമർശത്തെ തുടർന്ന് തനിക്കെതിരെ വധഭീഷണി മുഴക്കിയവർക്ക് എതിരെ മറുപടിയുമായി തമിഴ്‌നാട് സ്‌പോർട്‌സ് മന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിൻ. ഇത്തരം ഭീഷണികളെ താൻ ഭയക്കുന്നില്ലെന്നും തമിഴ്‌നാടിന് വേണ്ടി റെയിൽവേ ട്രാക്കിൽ തലവെച്ചയാളുടെ ചെറുമകനാണ് താനെന്നുമാണ് ഉദയനിധി ഓർമ്മിച്ചത്.

ഉദയനിധിക്ക് എതിരെ കൊലവിളി നടത്തിയ അയോധ്യയിലെ തപസ്വി ചൗനി ക്ഷേത്രത്തിലെ മുഖ്യ പുരോഹിതൻ പരംഹൻസ് ആചാര്യ, ഉദയനിധിയുടെ തല വെട്ടുന്നവർക്ക് 10 കോടി രൂപ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഉദയനിധിയുടെ പ്രതികരണം.

തന്റെ തലക്ക് പത്തു കോടിയുടെ ആവശ്യമില്ലെന്നും പത്തു രൂപയുടെ ചീപ്പ് കൊണ്ട് മുടി ചീകാമെന്ന് ഉദയനിധി പരിഹസിക്കുകയും ചെയ്യുന്നുണ്ട്. ‘എന്റെ തല ക്ഷൗരം ചെയ്യാൻ ഒരു സ്വാമി പത്തു കോടി പാരിതോഷികം പ്രഖ്യാപിച്ചു. അദ്ദേഹം യഥാർഥ സന്യാസിയാണോ അതോ വ്യാജനാണോ എന്റെ തലയോട് എന്താണ് ഇത്ര താൽപര്യം. ഇത്രയുമധികം പണം അദ്ദേഹത്തിന് എവിടെനിന്നാണ് ലഭിക്കുന്നത്.’

‘എന്റെ തലക്ക് പത്തു കോടിയുടെ ആവശ്യമൊന്നുമില്ല. പത്തു രൂപയുടെ ഒരു ചീപ്പ് മതി ഞാൻ തന്നെ എന്റെ മുടി ചീകിക്കോളാം. ഇതൊന്നും നമുക്ക് പുതിയ കാര്യമല്ല. ഈ ഭീഷണികളെയൊന്നും ഭയക്കുന്നവരല്ല ഞങ്ങൾ. തമിഴിന് വേണ്ടി റെയിൽവേ ട്രാക്കിൽ തലവെച്ച കലാകാരന്റെ ചെറുമകനാണ് ഞാൻ’- എന്നാണ് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ മകനും മുൻ മുഖ്യമന്ത്രി എം കരുണാനിധിയുടെ ചെറുമകനുമായ ഉദയനിധി പറഞ്ഞത്.

ALSO READ- ഒറ്റ ചാര്‍ജില്‍ 300 കിലോമീറ്റര്‍: ടാറ്റയുടെ പഞ്ച് ഇവി ഉടന്‍ വിപണിയിലേക്ക്

കരുണാനിധിയുടെ രാഷ്ട്രീയ ഉദയം എന്നടയാളപ്പെടുത്തിയ 1953ലെ പ്രക്ഷോഭത്തെയാണ് ഉദയനിധി പരാമർശിച്ചത്. ഡാൽമിയ വ്യവസായ ഗ്രൂപ്പ് സിമന്റ് ഫാക്ടറി പണിയുന്ന ഗ്രാമത്തിന്റെ പേര് മാറ്റുന്നതിൽ പ്രതിഷേധിച്ച് കരുണാനിധിയുടെ നേതൃത്വത്തിൽ ഡിഎംകെ പ്രവർത്തകർ റെയിൽവേ ട്രാക്കിൽ കിടന്ന് പ്രതിഷേധിച്ചിരുന്നു.

അതേസമയം, സനാതനധർമം മലേറിയ, കൊതുക്, കൊറോണ എന്നിവയൊക്കെ പോലെ ഉന്മൂലനം ചെയ്യപ്പെടേണ്ടതുണ്ട് എന്നായിരുന്നു തമിഴ്‌നാട് കായിക, യുവജനക്ഷേമ മന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിൻ പരാമർശം നടത്തിയത്.

ALSO READ- വിവാഹം കഴിഞ്ഞ് അധികനാളായില്ല;വിദേശത്തേക്ക് പോകാൻ മടിച്ച് പാസ്‌പോർട്ട് തട്ടിയെടുത്തെന്ന് പരാതിപ്പെട്ട് യുവാവ്; വലഞ്ഞത് പോലീസ്!

ഇതോടെയാണ്, ഉദയനിധിയുടെ തലയെടുക്കുന്നവർക്ക് പത്ത് കോടി നൽകുമെന്നും മറ്റാർക്കും ഉദയനിധിയുടെ തലയെടുക്കാൻ സാധിക്കാതെ വന്നാൽ താൻ തന്നെ തലയറുക്കുമെന്നും പരംഹൻസ് ആചാര്യ പറഞ്ഞത്.

Exit mobile version