68ാം വയസിൽ പ്രണയ സാഫല്യം; മൂന്നാം തവണയും വിവാഹിതനായി അഭിഭാഷകൻ ഹരീഷ് സാൽവെ; ചടങ്ങിനെത്തി അംബാനിയും ലളിത് മോദിയും മിത്തലും

ലണ്ടൻ: ഇന്ത്യയിലെ പ്രമുഖ അഭിഭാഷകനും മുൻ സോളിസിറ്റർ ജനറലുമായ ഹരീഷ് സാൽവെ വീണ്ടും വിവാഹിതനായി. 68 വയസ്സുള്ള ഹരീഷ് സാൽവെയുടെ ജീവിതസഖിയായത് ട്രീനയാണ്. ലണ്ടനിൽ നടന്ന ചടങ്ങിൽ അടുത്ത സുഹൃത്തുക്കളാണ് പങ്കെടുത്തത്.

ഹരീഷ് സാൽവെയുടെ മൂന്നാം വിവാഹമാണിത്. ചടങ്ങിൽ മുകേഷ് അംബാനി, നിത അംബാനി, ലളിത് മോദി, സുനിൽ മിത്തൽ തുടങ്ങിയ പ്രമുഖ വ്യവസായികളെത്തി. ഹരീഷ് സാൽവെ 2020 ജൂണിൽ ആദ്യ ഭാര്യ മീനാക്ഷിയുമായി വിവാഹമോചനം നേടിയിരുന്നു. 38 വർഷം നീണ്ടുനിന്ന ദാമ്പത്യമാണ് ഇരുവരും അവസാനിപ്പിച്ചത്. സാനിയ, സാക്ഷി എന്നീ രണ്ട് പെൺമക്കളും ഈ ബന്ധത്തിലുണ്ട്.

സാൽവെ പിന്നീട് കരോലിൻ ബ്രോസാർഡിയെ വിവാഹം ചെയ്‌തെങ്കിലും രണ്ടു വർഷത്തിന് ശേഷം വിവാഹമോചനം നേടി. ഈ വിവാഹത്തിന് രണ്ടു കൊല്ലം മുമ്പ് സാൽവെ ക്രിസ്തുമതം സ്വീകരിക്കുകയും ചെയ്തിരുന്നു.

സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനായിരുന്ന സാൽവെ ഇംഗ്ലണ്ടിലേയും വെയ്ൽസിലേയും കോടതികളിൽ രാജ്ഞിയുടെ അഭിഭാഷകനായി ജനുവരിയിൽ നിയമിക്കപ്പെട്ടിരുന്നു. 2017 മേയിൽ കുൽഭൂഷൺ ജാധവ് കേസിൽ ഇന്ത്യയ്ക്ക് വേണ്ടി അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ഹരീഷ് സാൽവെയാണ് ഹാജരായത്.

ALSO READ- പതിവ് തെറ്റിച്ചില്ല, മകന്റെ വിവാഹത്തിനും 200 മദ്രസ വിദ്യാര്‍ഥികള്‍ക്ക് സദ്യ വിളമ്പി കരുണാകരന്‍

1999 നവംബർ ഒന്ന് മുതൽ 2002 നവംബർ മൂന്ന് വരെ ഇന്ത്യയുടെ സോളിസിറ്റർ ജനറലായിരുന്നു. റ്റാറ്റ ഗ്രൂപ്പ്, ഐടിസി ലിമിറ്റഡ്, റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് തുടങ്ങിയവ സാൽവെയുടെ കക്ഷികളായിരുന്നു.

Exit mobile version