യാത്രക്കാര്‍ ചായ ഇടുന്നതിനിടെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; നിര്‍ത്തിയിട്ട ട്രെയിനിന് തീപ്പിടിച്ച് 9 പേര്‍ മരിച്ചു

മധുര: നിര്‍ത്തിയിട്ടിരുന്ന ട്രെയിനില്‍ ചായയിടുന്നതിനിടെ ഗ്യാസ് സിലിണ്ടറിന് തീപ്പിടിച്ചു. മധുര റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. നിര്‍ത്തിയിട്ടിരുന്ന ട്രെയിനില്‍ യാത്രക്കാരില്‍ ചിലര്‍ ചായ ഇടാന്‍ ശ്രമിക്കുമ്പോള്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് വന്‍ അപകടമുണ്ടായയത്. അപകടത്തില്‍ ഒന്‍പതുപേര്‍ മരണപ്പെട്ടിരുന്നു.

ഓഗസ്റ്റ് 17നാണ് 60 പേരടങ്ങുന്ന സംഘം ലഖ്‌നൗവില്‍ നിന്നും തീര്‍ഥാടനം പുറപ്പെട്ടത്. വിവിധ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച് മധുരയിലെത്തിയ സംഘം മധുരയില്‍ നിന്നും പുറപ്പെടാനിരിക്കെയാണ് അപകടം ഉണ്ടായത്.

യാത്രാവേളയില്‍ സ്വയം ഭക്ഷണം പാകം ചെയ്താണ് ഇവര്‍ കഴിച്ചിരുന്നത്. അതിനാല്‍ ഭക്ഷണസാധനങ്ങളും സിലിണ്ടറും ഇവര്‍ കരുതിയിരുന്നു. മധുര റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയായി നിര്‍ത്തിയിട്ടിരുന്ന ട്രെയിനില്‍ പുലര്‍ച്ചെ ചായ ഉണ്ടാക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകടത്തിലേക്ക് നയിച്ചത്.

ഉത്തര്‍പ്രദേശില്‍ നിന്നുള്ള ടൂറിസ്റ്റ് സംഘം സഞ്ചരിച്ചിരുന്ന പ്രത്യേക കോച്ച് മധുരയില്‍ നിര്‍ത്തിയപ്പോഴാണ് അപകടമുണ്ടായത്. മരിച്ചവരെല്ലാം ഉത്തര്‍പ്രദേശ് സ്വദേശികളാണ്. കൂടുതല്‍ പേരും ഉറക്കത്തിലായിരുന്നു എന്നതും അപകടത്തിന്റെ വ്യാപ്തി കൂട്ടി.

Exit mobile version