ഇതാണ് ഇന്ത്യ! മതവിദ്വേഷം മനസ്സില്‍ നിറച്ച് അധ്യാപിക; തല്ലേറ്റവനെ തല്ലിയവരെ കൊണ്ട് ആലിംഗനം ചെയ്യിപ്പിച്ച് കര്‍ഷക നേതാക്കള്‍

ന്യൂഡല്‍ഹി: അറിവ് പകരേണ്ട അധ്യാപിക തന്നെ വിദ്യാര്‍ഥികളില്‍ വിദ്വേഷം ജനിപ്പിച്ച
ഞെട്ടിപ്പിച്ച സംഭവമാണ് യുപിയില്‍ നിന്നും പുറത്തുവന്നത്. പുഴുവരിച്ച മനസ്സുള്ള ഒരു അധ്യാപികയുടെ വാക്ക് കേട്ട് സഹപാഠിയുടെ മുഖത്തടിച്ച വിദ്യാര്‍ഥികളുടെ ദൃശ്യം ഉള്ളുലയ്ക്കുന്നതായിരുന്നു.

അധ്യാപിക മതവിദ്വേഷം കോരിയിട്ട കുരുന്നുമനസുകളെ പരസ്പരം ആലിംഗനം ചെയ്യിപ്പിച്ച് മാതൃകയായിരിക്കുകയാണ് കര്‍ഷക നേതാവ് നരേഷ് ടിക്കായത്ത്. തല്ലാനുള്ള അധ്യാപികയുടെ ആജ്ഞ അനുസരിച്ച വിദ്യാര്‍ഥികള്‍ തല്ലിയവനെ വാരിപ്പുണരാനുള്ള ആജ്ഞയും മനസാലെ സ്വീകരിച്ചു. ഒടുവില്‍ ആലിംഗനം ചെയ്ത തല്ലിയവനെയും തല്ലേറ്റവനെയും നരേഷ് ടിക്കായത്ത് തന്റെ മടിത്തട്ടില്‍ ചേര്‍ത്തിരുത്തുകയും ചെയ്തു.

മുസഫര്‍ നഗര്‍ കലാപ കാലത്ത് സംഘ്പരിവാറിനൊപ്പം നിന്നതിന് വലിയ വിമര്‍ശനമേറ്റുവാങ്ങിയ നരേഷ് ടിക്കായത്ത് മുസഫര്‍ നഗറിലെ തൃപ്ത ത്യാഗി എന്ന അധ്യാപിക വിതറിയ വിദ്വേഷത്തിന്റെ കനല്‍ കെടുത്തിയിരിക്കുകയാണ് നരേഷ്.

മുസഫര്‍ നഗര്‍ ജില്ലയിലെ മന്‍സൂര്‍പൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഖുബ്ബാപൂരില്‍ നേരിട്ടെത്തിയാണ് കഴിഞ്ഞ വ്യാഴാഴ്ച നേഹ പബ്ലിക് സ്‌കൂളിലെ അധ്യാപികയായ തൃപ്തി ത്യാഗിയുടെ ആജ്ഞ കേട്ട് മുസ്‌ലിം വിദ്യാര്‍ഥിയെ തല്ലിയ ഹിന്ദു വിദ്യാര്‍ഥികളെ ഒന്നടങ്കം വിളിച്ചുവരുത്തിയത്. തല്ലേറ്റ മുസ്‌ലിം വിദ്യാര്‍ഥിയെയും വിളിച്ചുവരുത്തിയ ഭാരതീയ കിസാന്‍ യൂനിയന്‍ നേതാവ് രാകേഷ് ടിക്കായത്ത് തല്ലിയ ഓരോ വിദ്യാര്‍ഥിയെ കൊണ്ടും അവനെ ആലിംഗനം ചെയ്യിച്ചു.

പത്രത്തില്‍ വാര്‍ത്ത കണ്ടാണ് വന്നതെന്ന് രാകേഷ് ടിക്കായത്ത് പറഞ്ഞു. സമൂഹത്തില്‍ ഇത്തരം സംസാരമുണ്ടാകാന്‍ പാടില്ലാത്തതാണ്. 2013ല്‍ മുസഫര്‍ നഗറില്‍ വര്‍ഗീയ സംഘര്‍ഷമുണ്ടായതാണ്. ഈ ജില്ല കത്തിക്കാന്‍ ഇനിയൊരിക്കലും അനുവദിക്കില്ലെന്നും അതിനാല്‍ ഇത്തരത്തിലുള്ള ഒരു സംസാരവും ഇനിയുണ്ടാകരുതെന്ന് തങ്ങള്‍ ആഗ്രഹിക്കുന്നു. തെറ്റ് തെറ്റാണെന്ന് പറഞ്ഞേ മതിയാകൂ.

കുഞ്ഞുമനസുകളില്‍ ഹിന്ദു, മുസ്‌ലിം വര്‍ത്തമാനം നല്ലതല്ല. അത്തരത്തിലുള്ള വര്‍ത്തമാനമരുത്. ഇരുപക്ഷത്തെയും വിളിച്ചുവരുത്തി സംസാരിച്ചു. പരസ്പര ബഹുമാനത്തോടെ വിഷയം അവസാനിപ്പിക്കുമെന്നും ടിക്കായത്ത് ചോദിച്ചു.

Exit mobile version