‘ഗൃഹപാഠം ചെയ്യാത്തതിനാണ് ശിക്ഷിച്ചത്: ഞാന്‍ ഭിന്നശേഷിക്കാരിയാണ്, അതാണ് വിദ്യാര്‍ഥികളുടെ സഹായം തേടിയത്’; വിശദീകരണവുമായി യുപിയിലെ അധ്യാപിക

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ സ്‌കൂളില്‍ സഹവിദ്യാര്‍ഥികളെ കൊണ്ട് ഏഴുവയസുള്ള മുസ്‌ലിം വിദ്യാര്‍ഥിയുടെ മുഖത്തടിപ്പിച്ച സംഭവം ഏറെ വിവാദമായിരുന്നു. മുസഫര്‍നഗര്‍ കുബ്ബപൂരിലെ നേഹ പബ്ലിക് സ്‌കൂളിലാണ് ദാരുണ സംഭവം നടന്നത്. അധ്യാപിക തൃപ്ത ത്യാഗിയാണ് ക്രൂരതയ്ക്ക് പിന്നില്‍.

സംഭവത്തില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് അധ്യാപിക തൃപ്ത ത്യാഗി. ഗൃഹപാഠം ചെയ്തുകൊണ്ടുവരാത്തതിനാലാണ് കുട്ടിയെ ശിക്ഷിക്കാന്‍ നിര്‍ദേശിച്ചതെന്ന് അധ്യാപിക പറയുന്നു.

”കുട്ടിയോട് കര്‍ശനമായി പെരുമാറാന്‍ മാതാപിതാക്കളില്‍ നിന്ന് സമ്മര്‍ദ്ദം ഉണ്ടായിരുന്നു. ഞാനൊരു ഭിന്നശേഷിക്കാരിയാണ്. അതിനാല്‍ അവനെ ശിക്ഷിക്കാന്‍ മറ്റ് വിദ്യാര്‍ഥികളുടെ സഹായം തേടിയതാണ്. അങ്ങനെയെങ്കിലും ആ കുട്ടി ഗൃഹപാഠം ചെയ്തുകൊണ്ടുവരട്ടെ എന്ന് കരുതി.”-തൃപ്ത ത്യാഗി പറഞ്ഞു

വീഡിയോ എഡിറ്റ് ചെയ്ത് വര്‍ഗീയമായി ചിത്രീകരിക്കുകയായിരുന്നു. കുട്ടിയുടെ ബന്ധു ക്ലാസിലിരിക്കുന്നുണ്ടായിരുന്നു. അവനാണ് വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചത്. എല്ലാ കുട്ടികളും എന്റെ മക്കളെ പോലെയാണ്. എന്റെ തെറ്റ് അംഗീകരിക്കുന്നു. ചെറിയൊരു വിഷയം വലുതാക്കി പ്രചരിപ്പിക്കുകയായിരുന്നു. എല്ലാ രാഷ്ട്രീയക്കാരോടും പറയാനുള്ളത് ഇതാണ്. രാഹുല്‍ ഗാന്ധി അടക്കമുള്ള രാഷ്ട്രീയ നേതാക്കള്‍ ഇതേക്കുറിച്ച് ട്വീറ്റ് ചെയ്തു. ഇങ്ങനെയായാല്‍ അധ്യാപകര്‍ കുട്ടികളെ എങ്ങനെ പഠിപ്പിക്കും?’-തൃപ്ത ത്യാഗി പറഞ്ഞു.

സംഭവം വിവാദമായതിന് പിന്നാലെ അധ്യാപികക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ജോലിയില്‍ നിന്നും സസ്‌പെന്‍ഡും ചെയ്തിരുന്നു.

അതേസമയം, അധ്യാപിക മതവിദ്വേഷം കോരിയിട്ട കുരുന്നുമനസുകളെ പരസ്പരം ആലിംഗനം ചെയ്യിപ്പിച്ച് മാതൃകയായിരിക്കുകയാണ് കര്‍ഷക നേതാവ് നരേഷ് ടിക്കായത്ത്. തല്ലാനുള്ള അധ്യാപികയുടെ ആജ്ഞ അനുസരിച്ച വിദ്യാര്‍ഥികള്‍ തല്ലിയവനെ വാരിപ്പുണരാനുള്ള ആജ്ഞയും മനസാലെ സ്വീകരിച്ചു. ഒടുവില്‍ ആലിംഗനം ചെയ്ത തല്ലിയവനെയും തല്ലേറ്റവനെയും നരേഷ് ടിക്കായത്ത് തന്റെ മടിത്തട്ടില്‍ ചേര്‍ത്തിരുത്തുകയും ചെയ്തു.

Exit mobile version