വിവാഹത്തിന് ആരും ബിജെപി നേതാക്കളെ ക്ഷണിക്കരുത്: കര്‍ഷകരും ബിജെപിയുമായി ഒരു ബന്ധവും പാടില്ല; നരേഷ് ടികായത്

ലക്‌നൗ: വിവാഹച്ചടങ്ങുകള്‍ക്ക് ഒരു കാരണവശാലും ബിജെപി നേതാക്കളെ ക്ഷണിക്കരുതെന്ന് ആഹ്വാനം ചെയ്ത് ഭാരതീയ കിസാന്‍ യൂണിയന്‍ (ബികെയു) ദേശീയ പ്രസിഡന്റ് നരേഷ് ടികായത്.

നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ തങ്ങളുടെ 100 സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് ഭക്ഷണം നല്‍കേണ്ടിവരുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഉത്തര്‍പ്രദേശിലെ സിസൗലിയില്‍ ഒരു യോഗത്തില്‍ പ്രസംഗിക്കവെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

‘ബിജെപി കര്‍ഷകരെ ശ്രദ്ധിക്കുന്നില്ല. അതിനാല്‍ കര്‍ഷകരും ബിജെപിയുമായി ഒരു ബന്ധവും പാടില്ല. ആ പാര്‍ട്ടിയുടെ നേതാക്കളുമായും ഒരു തരത്തിലുളള ബന്ധവും വേണ്ട’ നരേഷ് ടികായത് ആവശ്യപ്പെട്ടു. ചില ബികെയു പ്രവര്‍ത്തകരെ ബിജെപി മാനസികമായി തടവിലാക്കിയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

പശ്ചിമബംഗാളില്‍ ശ്രീരാമന്റെ പേരില്‍ വോട്ടുതേടിയ അമിത്ഷായുടെ നടപടിയെയും ടികായത് വിമര്‍ശിച്ചു. ശ്രീരാമന്റെ യഥാര്‍ത്ഥ പിന്‍ഗാമികള്‍ തങ്ങളാണെന്നും ടികായത് അവകാശപ്പെട്ടു.

‘അമിത് ഷാ ഞങ്ങളോട് സംസാരിക്കുന്നില്ല. എന്നാല്‍ ഞങ്ങളുടെ പൂര്‍വികന്റെ പേര് ഉപയോഗിച്ച് വോട്ടുചോദിക്കുന്നു’- അദ്ദേഹം പറഞ്ഞു. എന്നാല്‍ ശ്രീരാമന്റെ പിന്തുടര്‍ച്ചക്കാരെന്ന് അവകാശപ്പെടുന്നത് എന്ത് അടിസ്ഥാനത്തിലാണെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.

ബ്രിട്ടീഷുകാര്‍ പ്രയോഗിച്ച ഭിന്നിപ്പിച്ച് ഭരിക്കുക എന്ന തന്ത്രമാണ് കര്‍ഷക സമരത്തെ അടിച്ചമര്‍ത്താന്‍ കേന്ദ്രം പ്രയോഗിക്കുതെന്ന് യോഗത്തില്‍ സംസാരിച്ച രാഷ്ട്രീയ ലോക്ദള്‍ വൈസ് പ്രസിഡന്റ് ജയന്ത് ചൗധരി ആരോപിച്ചു. നരേന്ദ്ര മോഡി ശക്തനായ പ്രധാനമന്ത്രിയാണെങ്കിലും ഇപ്പോള്‍ കര്‍ഷകര്‍ക്കെതിരെ നില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version