രാജ്യം മുഴുവന്‍ അവനായി പ്രാര്‍ത്ഥിച്ചു, സന്ദേശങ്ങള്‍ കണ്ട് കണ്ണ് നിറയുന്നു: നന്ദി പറഞ്ഞ് പ്രജ്ഞാനന്ദയുടെ സഹോദരി

ചെന്നൈ: ചെസ് ലോകകപ്പില്‍ രണ്ടാം സ്ഥാനത്തെത്തിയ ഇന്ത്യയുടെ അഭിമാനം ആര്‍
പ്രജ്ഞാനന്ദയ്ക്ക് ആശംസകള്‍ നിറയുകയാണ് സോഷ്യലിടത്ത്. ആദ്യ രണ്ട് ഗെയിമില്‍ ലോക ഒന്നാം നമ്പറായ മാഗ്നസ് കാള്‍സനെ വെള്ളം കുടിപ്പിച്ച് സമനിലയില്‍ കുരുക്കിയാണ് ടൈബ്രേക്കറിലെത്തിച്ചത്. അതില്‍ 1.5- 0.5 എന്ന പോയിന്റില്‍ കാള്‍സന്‍ വിജയിയായി.

പ്രായത്തെ വെല്ലുന്ന പോരാട്ടത്തിലൂടെ ഏവരെയും വിസ്മയിപ്പിച്ചായിരുന്നു ലോകകപ്പില്‍ പ്രഗ്നാനന്ദയുടെ മുന്നേറ്റം. വമ്പന്‍മാരെ ഒന്നൊന്നായി വെട്ടി നിരത്തിയാണ് 18കാരന്‍ ഫൈനലില്‍ എത്തിയത്. വെള്ളി മെഡല്‍ നേടിയ താരത്തിന് രാജ്യമൊന്നാകെ ആശംസ അറിയിക്കുകയാണ്. വിശ്വനാഥന്‍ ആനന്ദിന് ശേഷം ലോകകപ്പില്‍ മെഡല്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് പ്രജ്ഞാനന്ദ.

സഹോദരന്റെ ചരിത്ര നേട്ടത്തിന് ശേഷം രാജ്യം നല്‍കിയ പിന്തുണയ്ക്ക് നന്ദി പറഞ്ഞ് എത്തിയിരിക്കുകയാണ് പ്രജ്ഞാനന്ദയുടെ സഹോദരിയും പ്രൊഫഷണല്‍ ചെസ് താരവുമായ ആര്‍. വൈശാലി

‘ഒരു രാജ്യം മുഴുവന്‍ അവനായി പ്രാര്‍ത്ഥിച്ചു. ചില സന്ദേശങ്ങള്‍ വായിക്കുമ്പോള്‍ ആവേശത്തില്‍ എന്റെ കണ്ണുകള്‍ ഈറനണിഞ്ഞു. ഇത് അവന്റെ കരിയറിലെ തുടക്കം മാത്രമാണ്. അവന്‍ രാജ്യത്തിനായി ഇനിയും നേട്ടങ്ങള്‍ കൊയ്ത് രാജ്യത്തിന്റെ മഹത്വം വര്‍ദ്ധിപ്പിക്കും’- വൈശാലി പറഞ്ഞു.

Exit mobile version