സര്‍ എന്ന് വിളിച്ച് പച്ചക്കറി കച്ചവടക്കാരന്‍, രാഹുല്‍ എന്ന് വിളിക്കാന്‍ മതിയെന്ന് രാഹുല്‍ ഗാന്ധി എംപി

ന്യൂഡല്‍ഹി: സഹാനുഭൂതിയും സൗമ്യമായ പെരുമാറ്റത്തിലൂടെയുമാണ് രാഹുല്‍ഗാന്ധി ജനഹൃദയം കീഴടക്കുന്നത്. ഇപ്പോഴിതാ ഒരു പച്ചക്കറി വില്‍പ്പനക്കാരനോടുള്ള രാഹുലിന്റെ സമീപനമാണ് സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. വിലക്കയറ്റം കാരണം പച്ചക്കറി വാങ്ങാന്‍ സാധിക്കാതെ തിരിച്ചുപോയ രാമേശവര്‍ എന്ന കച്ചവടക്കാരന് രാഹുല്‍ കഴിഞ്ഞ ദിവസം വീട്ടില്‍ വിരുന്ന് നല്‍കിയിരുന്നു.

ചൊവ്വാഴ്ചയായിരുന്നു രാമേശ്വറിന് രാഹുല്‍ വിരുന്ന് നല്‍കിയത്. ജീവസ്സുറ്റ ഹൃദയത്തിന്റെ ഉടമയാണ് രാമേശ്വര്‍ ജി എന്നും കോടിക്കണക്കിന് ഇന്ത്യക്കാരുടെ പ്രതീകമാണ് അദ്ദേഹമെന്നും രാഹുല്‍ ട്വിറ്ററിലൂടെ പങ്കുവച്ചിരുന്നു. ഡല്‍ഹിയിലെ വീട്ടിലാണ് അദ്ദേഹം വിരുന്ന് നല്‍കിയത്. വിരുന്നിന്റെ ചിത്രങ്ങള്‍ രാഹുല്‍ പങ്കുവെച്ചിരുന്നു. ആ വിരുന്നിന്റെ കൂടുതല്‍ വിശേഷങ്ങള്‍ പങ്കുവച്ചതിലൂടെയാണ് രാഹുലിന്റെ മനുഷ്യ സ്നേഹം വെളിപ്പെടുത്തുന്ന ചില മുഹൂര്‍ത്തങ്ങളും ചര്‍ച്ചയാകുകയാണ്.

രാമേശ്വര്‍ രാഹുലിനെ സര്‍ എന്ന് വിളിച്ച് സംസാരിക്കുമ്പോള്‍ തന്നെ രാഹുല്‍ എന്ന് വിളിക്കാന്‍ രാഹുല്‍ അഭ്യര്‍ത്ഥിക്കുന്നതാണ് വീഡിയോയില്‍. തന്റെ പേര് രാഹുല്‍ എന്നാണെന്നും സര്‍ എന്ന് വിളിക്കേണ്ടതില്ല എന്നും രാഹുല്‍ പറയുന്നു.

യുപി സ്വദേശിയായ താന്‍ നല്ലൊരു ജീവിതം സ്വപ്നം കണ്ടാണ് ഡല്‍ഹിയില്‍ വന്നതെന്നും എന്നാല്‍ തിരിച്ചാണ് സംഭവിച്ചതെന്നും രാമേശ്വര്‍ പറയുന്നു. തന്റെ കഷ്ടപ്പാട് തീരുന്നില്ലെന്നും പാവപ്പെട്ടവര്‍ പാവപ്പെട്ടവരായി തുടരുകയാണെന്നും രാമേശ്വര്‍ സങ്കടം പറയുന്നുണ്ട്.

വിലക്കയറ്റം കാരണം പച്ചക്കറി വാങ്ങാനാവാതെ മടങ്ങുന്ന രാമേശ്വറിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ ഏറെ ചര്‍ച്ചയായിരുന്നു. ജൂലൈയിലാണ് വിലക്കയറ്റത്തിന്റെ തീവ്രത വ്യക്തമാക്കി രമേശ്വറിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്.

വില കാരണം കടയിലേക്ക് തക്കാളി എടുക്കാന്‍ കഴിയാതെ വന്നതോടെ ഒഴിഞ്ഞ സഞ്ചി കാട്ടിക്കൊണ്ട് രാമേശ്വര്‍ വികാരാധീനന്‍ ആവുകയായിരുന്നു ‘കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ചെയ്യാത്ത ജോലികളൊന്നുമില്ല. കൂടുതല്‍ ജോലി ചെയ്യാനുള്ള ആരോഗ്യവും നശിക്കുകയാണ്. പക്ഷേ ഇത്ര നാളും കഷ്ടപ്പെട്ടതിന്റെ ഫലം ഇതുവരെ ഉണ്ടായിട്ടില്ല എന്ന കാര്യമാണ് സത്യം. സര്‍ക്കാര്‍ ആരെയും കേള്‍ക്കില്ല. രാജ്യത്ത് ദരിദ്രര്‍ അതിദരിദ്രരാവുകയും സമ്പന്നര്‍ അതിസമ്പന്നര്‍ ആവുകയും ചെയ്യുകയാണ്., രാമേശ്വര്‍ പറയുന്നു.

Exit mobile version